എന്തിനീ പൊന്നാടകൾ...


“എനിക്ക് കൂടി കാര്യങ്ങൾ വയബിൾ ആകേണ്ടതുണ്ട്, അതുകൊണ്ടാണ് പ്രതിഫലത്തിന്റെ കാര്യം മുൻകൂട്ടി പറഞ്ഞത്. അതിൽ വിഷമം തോന്നരുത് കേട്ടോ..” നടക്കാനിരിക്കുന്ന ഒരു േസ്റ്റജ് ഷോയുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ ആ പ്രിയപ്പെട്ട സിനിമാ താരം. ചിരിച്ചു കൊണ്ട് അദ്ദേഹം അങ്ങിനെ പറഞ്ഞപ്പോൾ ഒരു ദേഷ്യവും തോന്നിയില്ലെന്ന് മാത്രമല്ല, മറിച്ച് ആദരവാണ് തോന്നിയത്. തങ്ങളുടെ സമയം ഏറെ വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്ന കലാകാരൻമാർ പതിയെ നമ്മുടെ നാട്ടിലും ഉണ്ടായികൊണ്ടിരിക്കുന്നു എന്നതാണ് എന്നെ ആഹ്ലാദിപ്പിച്ചത്.  

വാർദ്ധക്യത്തിലോ അല്ലെങ്കിൽ മരണമെത്താറാകുന്പോഴോ ഒക്കെ പ്രശസ്ത കലാകാരൻമാർ സാന്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം വാർത്തകൾ എന്നും നമ്മൾ കാണാറുണ്ട്. അവരുടെ സാന്പത്തിക അച്ചടക്കമില്ലായ്മയാണ് അതിന് കാരണമെന്ന് നമ്മൾ പൊതുജനം അകമേ കുശുകുശുക്കും. എന്നാൽ അത് മാത്രമായിരിക്കില്ല കാരണമെന്ന് ഓരോ വ്യക്തികളുടെയും ജീവിതമെടുത്ത് പരിശോധിക്കുന്പോൾ നമ്മൾ തിരിച്ചറിയും എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് ഒരു പത്ത് വർഷം മുന്പ് മിമിക്രി വേദികളിലും ഗാനമേള പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്ന ഒരു എക്സ് കലാകാരനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞത് പലപ്പോഴും പണത്തെക്കാൾ ഏറെ അന്നൊക്കെ അദ്ദേഹത്തിന് ലഭിച്ചിരുന്നത് പൊന്നാടകളും മൊമെന്റോകളുമായിരുന്നത്രെ. ഇതൊന്നും വിശക്കുന്പോൾ പുഴുങ്ങിതിന്നാനോ, അത്യാവശ്യം വന്നാൽ പണയം വെച്ചോ വിറ്റോ കാശാക്കാൻ സാധിക്കില്ലല്ലോ എന്ന് ഏറെ രസകരമായി അദ്ദേഹം സൂചിപ്പിച്ചു. ജീവിതത്തിലെ കയ്പേറിയ അനുഭവഭങ്ങൾക്ക് ശേഷം ഇപ്പോൾ ആരെങ്കിലും വല്ല ഉദ്ഘാടനത്തിനോ ആശംസയ്ക്കോ വിളിച്ചാൽ പോലും കാശെണ്ണി  വാങ്ങാൻ തുടങ്ങിയെന്നും അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. 

പട്ടും വളയും മാത്രം നൽകി കലാകാരന്മാരെ ആദരിച്ച് ഒതുക്കുന്ന ഒരു സംസ്കാരത്തിൽ നിന്ന് ഇനിയെങ്കിലും മലയാളികൾ മാറണമെന്ന ധ്വനിയാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇന്നത്തെ ലോകക്രമത്തിൽ കലാകാരൻമാർക്ക് അവരുടെ ജീവിതം മുന്പോട്ട് കൊണ്ടുപോകണമെന്നുണ്ടെങ്കിൽ സാന്പത്തികമായി എന്തെങ്കിലും മെച്ചം കിട്ടിയേ തീരൂ എന്നത് യാഥാർത്ഥ്യമാണ്. ഇതിനെതിരെ കണ്ണടച്ചുകൊണ്ടാണ് സാന്പത്തികലക്ഷ്യ ത്തോടെ  പദ്ധതിയിടുന്ന മിക്ക സ്വീകരണ ചടങ്ങുകളും  നമ്മുടെ ഇടയിൽ അരങ്ങേറാറുള്ളത്.  

പ്രവാസലോകത്തും പൊന്നാടകൾക്ക് ക്ഷാമമില്ല. ആരൊക്കെ എത്തിയാലും നമ്മൾ ഈ പൊന്നാടകൾ നീട്ടി അവരെആദരിച്ച് തിരിച്ചയക്കുന്നു. അതുമല്ലെങ്കിൽ എടുത്താൽ പൊങ്ങാത്ത തരത്തിൽ നല്ല കനമുള്ള മൊമെന്റോകളായിരിക്കും  അവരുടെ യാത്രാസഞ്ചിയിൽ നമ്മൾ കുത്തിനിറയ്ക്കുക. ഈ ഒരു രീതി മാറേണ്ട കാലമായില്ലെ എന്ന് ഗൗരവപരമായി പ്രവാസി സംഘടനകളും ചിന്തിക്കേണ്ടതുണ്ട്. നൽകുന്ന സമ്മാനങ്ങളും ആദരവുകളും ഏറ്റുവാങ്ങുന്നയാൾക്കും എന്തെങ്കിലും തരത്തിൽ ഉപയോഗപ്രദമാക്കാൻ സാധിക്കുമെങ്കിൽ ഈ കൊടുക്കൽ വാങ്ങലുകൾക്ക് ഒരർത്ഥമുണ്ടാകും. ഉദാഹരണത്തിന് ഇവർ തിരികെ പോകുന്പോൾ വായിക്കാൻ ഒരു നല്ല പുസ്തകമോ, തിരികെ പോകാത്തവരാണെങ്കിൽ വീട്ടിൽ വളർത്താൻ നല്ലൊരു ചെടിയോ, ഒരു ജോഡി നല്ല വസ്ത്രമോ, ഒക്കെ ഈ ലിസ്റ്റിൽ ആലോചിക്കാവുന്നതേയുള്ളൂ. 

ഇങ്ങിനെ ചെയ്തില്ലെങ്കിൽ ഇവയൊക്കെ ഏറ്റുവാങ്ങുന്ന വ്യക്തിയുടെ തട്ടിൻപുറത്ത് ഒരലോസരമായി മൊമെന്റോകൾ പൊടിപിടിച്ചു തന്നെ കിടക്കും. പൊന്നാടയാണെങ്കിൽ, കുളിച്ചിട്ട് ഒന്നു തോർത്തേണ്ട ആവശ്യത്തിന് പോലും ഉപയോഗിക്കാൻ സാധിക്കാതെ  അലമാരകളിൽ നിത്യമൃത്യു തേടും. അതു കൊണ്ട് പറ്റുമെങ്കിൽ നമ്മുടെ അരികിലെത്തുന്ന കലാഹൃദയമുള്ളവരുടെ സമയത്തിന് പരിപാടി സംഘടിപ്പിക്കുന്നവർ മാന്യമായ ഒരു വില കൽപ്പിക്കണമെന്നും അവരെ യഥാവിധി പരിപാലിക്കണമെന്നും അവർക്ക് വേണ്ടി താഴ്മയോടെ അപേക്ഷിച്ചു കൊള്ളുന്നു !! 

You might also like

Most Viewed