ഈ ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധനാഫലം അസാധുവാണ്: മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ എക്സ്പ്രസ്


ദുബായ്: ഇന്ത്യയിലെ ചില ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന റിപ്പോർ‍ട്ട് ദുബായ് അംഗീകരിക്കില്ലെന്ന് അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കോവിഡ് ചട്ടലംഘനത്തിന്‍റെ പേരിൽ എയർ ഇന്ത്യ എക്സ്പ്രസിന് ദുബായിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ച നീണ്ട ഈ ഹ്രസ്വകാല സസ്പപെൻഷന് ശേഷം വീണ്ടും സർവീസ് പുനരാരംഭിച്ചപ്പോഴാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. കോവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിന്‍റെ വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള എയർ ഇന്ത്യവിമാനങ്ങൾക്ക് ദുബായ് വിലക്കേർപ്പെടുത്തിയത്. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യോമയാനമന്ത്രാലയങ്ങൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വീണ്ടും സർവീസ് ആരംഭിച്ചത്.

ഇതിന് പിന്നാലെയാണ് യാത്രക്കാർക്ക് എയർ ഇന്ത്യയുടെ മുന്നറിയിപ്പ് നിർദേശങ്ങൾ. ദുബായിലേക്കെത്തുന്ന യാത്രക്കാർ ദുബായ് അതോറിറ്റി നിർദേശങ്ങൾ പാലിച്ച് ഇന്ത്യയിലെ അംഗീകൃത ലാബുകളിൽ നിന്നും കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പരിശോധന റിപ്പോർട്ട് സമർ‍പ്പിക്കണമെന്ന് നിർദേശമുണ്ട്. ഈ നിർദേശത്തിലാണ് പുതിയ ചില വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

എയർ ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ഇന്ത്യയിലെ ചില ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന (RT-PCR) റിപ്പോർ‍ട്ടുകൾക്ക് ദുബായിൽ അംഗീകാരമില്ല. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ വിവിധ നഗരങ്ങളിലുള്ള മെക്രോ ഹെൽത്ത് ലാബ്, ഡൽഹിയിലെ ഡോ.പി. ഭാസിൻ പാത്ത് ലാബ്സ് ലിമിറ്റഡ്, നോബിൾ‍ ഡയഗ്നോസ്റ്റിക് സെന്‍റർ എന്നീ ലാബുകൾക്കാണ് ദുബായിൽ അംഗീകാരമില്ലാത്തത്.

ഈ ലാബുകളുടെ RT-PCR പരിശോധനഫലം സാധുവായി കണക്കാക്കരുതെന്നാണ് ദുബായ് അതോറിറ്റി നൽകിയ നിർദേശം എന്നാണ് ലാബുകളുടെ പേര് വിവരം പങ്കുവച്ച് എയർ ഇന്ത്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ദുബായിലേക്കുള്ള യാത്രക്കാർ അംഗീകാരമുള്ള ലാബുകളിൽ നിന്നു തന്നെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed