212 ഡോക്ടര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ; മലയാളത്തിന് അഭിമാനമായി ഡോ: സി.എച്ച് അബ്ദുല്‍ റഹ്മാൻ


ദുബൈ: യുഎഇയില്‍ കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ മലയാളിയും. കാസര്‍ഗോഡ് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ സി എച്ച് അബ്ദുല്‍ റഹ്മാനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 212 ഡോക്ടര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഡോ അബ്ദുല്‍ റഹ്മാനും.

17 വര്‍ഷമായി യുഎഇയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ ദുബൈലത്തീഫാ ആശുപത്രിയില്‍ ശിശു രോഗവിദഗ്ധനാണ്. ലത്തീഫാ ആശുപത്രിയിലെ കൊവിഡ് രോഗികളെയും മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുള്ളവരെയും ശുശ്രൂഷിക്കുന്നതില്‍ ഡോ അബ്ദുല്‍ റഹ്മാനും സംഘവും നിസ്വാര്‍ത്ഥ സേവനം കാഴ്ച വെച്ചിരുന്നു. ഇതിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ദില്ലി അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എംഡി കരസ്ഥമാക്കിയത്. പിന്നീട് ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തില്‍ നിന്ന് ബിരുദവും(എംആര്‍സിപിസിഎച്ച്) നേടി.


പരേതനായ പി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. ഷമീമയാണ് ഭാര്യ. മകന്‍ മുഹമ്മദ് നിഹാല്‍ കെ എസ് ഹെഗ്‌ഡെ ഡെിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. വിദ്യാര്‍ത്ഥികളായ അഹ്മദ് സെയിന്‍, ഹയാ ഫാത്തിമ, ഹലീമ എന്നിവരാണ് മറ്റ് മക്കള്‍. യുഎഇയില്‍ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed