റമസാൻ: ഇഫ്താർ കിറ്റ് വീട്ടിലെത്തും


അബുദാബി∙ കോവിഡ് നിയന്ത്രണത്തിൽ അകലം പാലിക്കേണ്ടതുകൊണ്ട് ഇത്തവണ യുഎഇയിൽ ഇഫ്താർ ടെന്റുകൾ ഉയർന്നിട്ടില്ല. അനിശ്ചിത കാലത്തേക്ക് അടച്ച ആരാധനാലയങ്ങൾ എന്നു തുറക്കുമെന്നതും വ്യക്തമല്ല. അതുകൊണ്ടുതന്നെ ഇത്തവണ പള്ളികളിലും പ്രത്യേക ടെന്റുകളിലും സമൂഹ നോമ്പുതുറ ഉണ്ടാകില്ല. പകരം അത്യാവശ്യക്കാർക്ക് ഇഫ്താർ ഭക്ഷ്യോൽപന്നങ്ങൾ വീടുകളിൽ എത്തിക്കാനാണ് പദ്ധതി. പ്രധാനമായും ലേബർ ക്യാംപുകളിലും ജോലി നഷ്ടപ്പെട്ട ടാക്സി ഡ്രൈവർമാർ ഉൾപെടെയുള്ളവർക്കും നിർധന കുടുംബങ്ങൾക്കുമാണ് ഇത് എത്തിക്കുക.

കോവിഡിനെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അകലം പാലിക്കേണ്ടതുകൊണ്ടാണ് ഇഫ്താർ ടെന്റുകൾ ഒഴിവാക്കി പകരം സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതെന്ന് എമിറേറ്റ്സ് റെഡ് ക്രസൻറ് (ലോക്കൽ അഫയേഴ്സ്) ഡപ്യൂട്ടി സെക്രട്ടറി ജനറൽ റാഷിദ് അലി അൽ ‍മൻസൂരി പറഞ്ഞു. യുഎഇയിലെ വിവിധ ജീവകാരുണ്യ സംഘടനകളുടെ മേൽനോട്ടത്തിലാണ് വിതരണം. ഈ സമയം ജനം കൂട്ടം കൂടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കും.അരി, പഞ്ചസാര, ആട്ട, ടിന്നിലടച്ച ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവ ഉൾപെടുന്ന കിറ്റുകൾ കുടുംബങ്ങൾക്ക് എത്തിച്ചുകൊടുക്കും. കോവിഡ് ആഘാതത്തിൽപെട്ട് കഴിയുകയാണ് പലരും. ചിലർക്ക് ജോലി നഷ്ടപ്പെട്ടു, മറ്റു ചിലർക്ക് ശമ്പളം കുറച്ചു, ചിലർ ശമ്പളമില്ലാത്ത അവധിയിൽ കഴിയുന്നു തുടങ്ങിയ പരാതികളാണ് സാധാരണക്കാർക്കെങ്കിൽ ബിസിനസ് നടക്കാതെ ബുദ്ധിമുട്ടുകയാണ് സ്ഥാപന ഉടമകൾ.

ഈ പ്രതിസന്ധി കാലഘട്ടവും നമുക്ക് ഒന്നിച്ച് അതിജീവിക്കാമെന്ന് സോഷ്യൽ സർവീസ് സൊസൈറ്റി ഡപ്യൂട്ടി ഡയറക്ടർ ഡോ. ഹിഷാം അൽ സഹ്റാനി പറഞ്ഞു. കൂടുതൽ ആളുകൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ജനം മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. 10 ലക്ഷത്തിലേറെ പേർക്ക് ഭക്ഷ്യോൽപന്നങ്ങൾ വീട്ടിൽ എത്തിക്കാനാകുമെന്നാണ് എമിറേറ്റ്സ് റെ‍ഡ് ക്രസന്റിന്റെ പ്രതീക്ഷ. കെഎംസിസി ഉൾപ്പെടെ ഇതര അംഗീകൃത സംഘടനകളും റമസാൻ മുന്നിൽ കണ്ട് ഭക്ഷ്യോൽപ്പന്ന കിറ്റുകൾ എത്തിക്കുന്നുണ്ട്. കോവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ജോലി നഷ്ടപ്പെട്ടവരുമായവർക്ക് ദിവസേന 600–700 ഭക്ഷണപ്പൊതി എത്തിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed