യുഎസിൽ ഒറ്റദിവസം 2600 മരണം: നിയന്ത്രണങ്ങൾ നീക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ വ്യവസായികൾ


വാഷിങ്ടൻ: യുഎസിൽ ഒറ്റദിവസം 2,600 കോവിഡ് മരണം. ലോകത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. എന്നാൽ രോഗത്തിന്റെ പാരമ്യനില കടന്നെന്നും ഏതാനും സംസ്ഥാനങ്ങളിലെ നിയന്ത്രണം അടുത്തുതന്നെ നീക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. മറ്റു രാജ്യങ്ങൾ മരണനിരക്ക് ഒളിച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നിയന്ത്രണങ്ങൾ നീക്കാനുള്ള ട്രംപിന്റെ തിടുക്കത്തിനെതിരെ വൻ വ്യവസായികൾ ഉൾപ്പെടെ പ്രതികരിച്ചു. 

ആന്റിബോഡി പരിശോധനാരീതി വികസിപ്പിച്ചതായും ഉടൻതന്നെ രരണ്ട് കോടി പേരിൽ പരീക്ഷിക്കുമെന്നും ട്രംപ് അറിയിച്ചപ്പോൾത്തന്നെ പരിശോധനാ കിറ്റുകളുടെ അഭാവം രൂക്ഷമാണെന്ന് ഡോക്ടർമാർ പ്രതികരിച്ചു. ഇതേസമയം, റഷ്യയിൽ രോഗം പടരുകയാണ്. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയം. 

അതേ സമയം ലോകം സാധാരണ നിലയിലെത്താൻ വാക്സിൻ അല്ലാതെ വേറെ വഴിയില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. 

യുഎസ്: മൊത്തം 6.53 ലക്ഷം രോഗികൾ. മരണം 28,500 കവിഞ്ഞു. ന്യൂയോർക്ക്, കനക്ടികട്ട് എന്നിവ ഉൾപ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളിൽ മാസ്ക് നിർബന്ധമാക്കി. ന്യൂയോർക്കിൽ ഒറ്റദിവസം 11,571 കേസ്.  മൊത്തം രോഗികൾ 2.14 ലക്ഷം. ന്യൂയോർക്ക് നഗരത്തിൽ മാത്രം 1.11 ലക്ഷം കേസുകൾ, മരണം ഏഴായിരത്തിനടുത്ത്. പരിശോധനയിൽ രോഗം സ്ഥിരീകരിക്കാത്തവർക്കും മരണം. 

റഷ്യ: റെക്കോർഡിട്ട് ഒറ്റ ദിവസം 3,448 കേസുകൾ. മൊത്തം രോഗികൾ 28,000 കടന്നു. മരണം 232.

സ്പെയിൻ: 551 മരണം കൂടി; മരണം 19,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്.

ജപ്പാൻ: രാജ്യമെങ്ങും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നേരത്തേ ടോക്കിയോ ഉൾപ്പെടെ ഏതാനും പ്രദേശങ്ങളിൽ മാത്രമായിരുന്നു. രാജ്യത്തെ 12 കോടി ജനങ്ങൾക്കു സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയ: തുടർച്ചയായി നാലാം ദിനവും പുതിയ കേസുകൾ 30ൽ കുറവ്. രാജ്യത്തു മൊത്തം 10,613 രോഗികൾ; മരണം 230

ഇറാൻ: മരണം അയ്യായിരത്തിനടുത്ത്. ആകെ രോഗികൾ 78,000 കവിഞ്ഞു.

ചൈന: പുറത്തുനിന്നെത്തുന്ന വൈറസിനെ നിയന്ത്രിച്ചെങ്കിലും പ്രാദേശികമായി വീണ്ടും രോഗബാധ. റഷ്യൻ അതിർത്തിയിൽ പരിശോധനാ സംവിധാനം ഏർപ്പെടുത്തി.

യുകെ: രോഗികളുടെ എണ്ണം ലക്ഷം കവിഞ്ഞു. മരണം 13,000 കവിഞ്ഞു. എയർബസ്, റോൾസ് റോയ്സ് എന്നീ സ്ഥാപനങ്ങളടങ്ങുന്ന കൂട്ടായ്മയ്ക്ക് വെന്റിലേറ്റർ നിർമിക്കാൻ അനുമതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed