ദുബൈ മുനിസിപ്പാലിറ്റി മാലിന്യം ശേഖരിക്കുന്നത് നിർത്തുന്നു

ദുബൈ മുനിസിപ്പാലിറ്റി പാർപ്പിട സമുച്ചയങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതു നിർത്തുന്നു. ഇനി മുതൽ മാലിന്യം ശേഖരിക്കാൻ കെട്ടിടയുടമകൾ ഈ രംഗത്തു പ്രവർത്തിക്കുന്ന കന്പനികളുമായി കരാർ ഉണ്ടാക്കണമെന്ന് ് നഗരസഭാ നിർദേശിച്ചു. പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനുമാണിതെന്ന് അടിസ്ഥാന സൗകര്യ വിഭാഗം മേധാവി താലിബ് ജൽഫാർ പറഞ്ഞു.
ചില കെട്ടിടയുടമകളുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിക്കഴിഞ്ഞു. കെട്ടിടങ്ങളിലെ താമസക്കാർ പാഴ്‌വസ്തുക്കൾ തള്ളുന്നതു കുറയ്ക്കാൻ കൂടിയാണ് പുതിയ സംവിധാനം. മാലിന്യശേഖരണം കാര്യക്ഷമമാക്കാൻ കെട്ടിട ഉടമകൾക്കു മൂന്ന് മാസം സമയപരിധി നല്കിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ഒരു മാസം കൂടി അനുവദിക്കും. നാല് മാസം പിന്നിട്ടിട്ടും മാലിന്യശേഖരണം കന്പനികളെ ഏൽപ്പിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.