ബഹിരാകാശ നിലയത്തിലേക്ക് ആദ്യ യു.എ.ഇ യാത്രികന്റെ യാത്ര അടുത്ത ഏപ്രിലിൽ

ദുബൈ : രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യു.എ.ഇയുടെ ആദ്യയാത്രികൻ പുറപ്പെടുന്നു. റഷ്യയുടെ സോയുസ് റോക്കറ്റിൽ അടുത്ത വർഷം ഏപ്രിലിലാണു യാത്ര. ഇതിനുള്ള പരിശീലനം അടുത്ത മാസം ആരംഭിക്കും. എം.എസ് 12 എന്ന ദൗത്യത്തിൽ ഒരു റഷ്യൻ കമാൻഡറും അമേരിക്കൻ ഫ്ലൈറ്റ് എൻജിനീയറുമാണു സഹയാത്രികർ. ബഹിരാകാശ നിലയത്തിൽ ഇവർ പത്തു ദിവസം ചെലവഴിക്കും.
ഇതുസംബന്ധിച്ച കരാറിൽ യു.എ.ഇ ഒപ്പുവെച്ചു. ഇതിനെ ചരിത്രപരമായ കരാർ എന്നാണ് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റിൽ വിശേഷിപ്പിച്ചത്. ബഹിരാകാശ മേഖലയിൽ പന്ത്രണ്ടു വർഷമായി നടത്തിവരുന്ന പഠന - ഗവേഷണങ്ങളുടെയും പദ്ധതികളുടെയും ഫലമാണിത്. ചൊവ്വാ ദൗത്യം, പൂർണമായും രാജ്യത്തു നിർമ്മിച്ച ഖലീഫസാറ്റ് ഉപഗ്രഹം, ബഹിരാകാശ യാത്രികനുള്ള പരിശീലന പരിപാടി തുടങ്ങിയവ ഈ രംഗത്തു യു.എ.ഇയുടെ മുന്നേറ്റത്തിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി.
ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശ നിലയം യു.എസ്, റഷ്യ, ജപ്പാൻ, കാനഡ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചേർന്നാണു യാഥാർത്ഥ്യമാക്കിയത്. ഇവിടെ ശാസ്ത്ര പഠനങ്ങളും ഗവേഷണങ്ങളും പരിശീലനങ്ങളും നടക്കുന്നു. സൗദി രാജകുടുംബാംഗവും സൗദി വ്യോമസേനാ പൈലറ്റുമായിരുന്ന സുൽത്താൻ ബിൻ സൽമാൻ അൽ സൗദ് ആണ് ബഹിരാകാശയാത്ര നടത്തിയ ആദ്യ അറബ് പൗരൻ. 1985ൽ അമേരിക്കൻ ബഹിരാകാശ പേടകത്തിലായിരുന്നു യാത്ര.
അതേസമയം, ബഹിരാകാശത്തു യാത്രക്കാരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള യു.എ.ഇയുടെ മറ്റൊരു പദ്ധതി പുരോഗമിക്കുകയാണ്. ഇതിനായി 4022 സ്വദേശികൾ അപേക്ഷിച്ചിരുന്നു. ഇതിൽ 95 പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി.