അബുദാബിയിൽ കോടതി അറിയിപ്പുകൾ ഇനി ഇംഗ്ലീഷ്-ഉറുദു ഭാഷകളിലും

അബുദാബി : മാതൃഭാഷയായ അറബിക്കു പുറമെ മറ്റു ഭാഷകളിലും അബുദാബി കോടതികളിൽ അറിയിപ്പുകൾ ലഭ്യമാക്കും. രാജ്യത്തു താമസിക്കുന്ന അറബിഭാഷ വശമില്ലാത്തവർ കോടതി അറിയിപ്പുകളും വ്യവഹാര രേഖകളും മനസ്സിലാക്കാൻ മൊഴിമാറ്റത്തിനു പരിഭാഷകനെയോ വക്കീലിനെയോ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.
അബുദാബി കോടതികളിൽ അറബ് ഭാഷയ്ക്കു പുറമെ ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് ഇനിമുതൽ സമൻസ് പുറപ്പെടുവിക്കുക. കോടതി വിജ്ഞാപനങ്ങളും കോടതി വിധികളും അന്യഭാഷകളിൽ ലഭ്യമാവുന്നതു മലയാളികൾ ഉൾപ്പെടെയുള്ള അറബ് ഇതരഭാഷ സംസാരിക്കുന്നവർക്കു വിവരങ്ങൾ സുതാര്യതയോടും കൃത്യതയോടും അറിയാനുള്ള അവസരമൊരുക്കും.
അബുദാബിയിലെ എല്ലാ കോടതികളും അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിലായിരിക്കും ഇനി അറിയിപ്പുകളും വിജ്ഞാപനങ്ങളും നൽകുക.