ഫുജൈറയിൽ കഴിഞ്ഞ വർഷം ഉണ്ടായത് 221 റോഡപകടങ്ങൾ

ഫുജൈറ : കഴിഞ്ഞ വർഷം ഫുജൈറ റോഡുകളിലുണ്ടായ 221 വാഹനാപകടങ്ങളിൽ 11 പേരാണ് മരിച്ചതെന്നു പോലീസ് മേധാവി മേജർ മുഹമ്മദ് അഹമ്മദ് ബിൻ ഗാനം അൽ കാബി പറഞ്ഞു. 2016 ൽ 12 പേർ മരിച്ചിരുന്നു. വേഗപരിധി കുറച്ചു, ക്യാമറകൾ കൂട്ടി അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്ന റോഡുകളും അതിനുള്ള കാരണങ്ങളും പഠനവിധേയമാക്കിയശേഷം ചില റോഡുകളിലെ വേഗപരിധി കുറയ്ക്കുകയും നിരീക്ഷണ ക്യാമറകളുടെ എണ്ണം കൂട്ടുകയും ചെയ്തു.
പുതുതായി 52 നിരീക്ഷണ ക്യാമറകൾ എമിറേറ്റിലെ വിവിധ റോഡുകളിൽ ഘടിപ്പിച്ചതായി മേജർ മുഹമ്മദ് വെളിപ്പെടുത്തി. നിയമലംഘനങ്ങൾ പിടികൂടാൻ ഫുജൈറയിൽ 110 നിരീക്ഷണ ക്യാമറകളുണ്ട്.
വാഹനാപകടങ്ങൾ ഉണ്ടാകുന്പോൾ സാഅദ് കന്പനിയുമായി സഹകരിച്ചാണു പോലീസ് രക്ഷാപ്രവർത്തനം നടത്തുന്നത്. സഹായാഭ്യർഥന ലഭിച്ചാൽ ആറു മിനിറ്റിനകം പോലീസ് വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തും. 769 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു ചട്ടം ലംഘിച്ചു പായുന്ന ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുക്കും. കഴിഞ്ഞ വർഷം മാത്രം 769 ബൈക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളിൽ 32% കുറവുവന്നിട്ടുണ്ട്. എല്ലാ മേഖലകളിലും നൂറുശതമാനം സുരക്ഷയാണു ലക്ഷ്യം. അതിനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം എമിറേറ്റിൽ വൈദ്യുതി തൂണിൽ ഇടിച്ചു തീപിടിച്ച കാറിൽനിന്നു ഡ്രൈവറെ സിവിൽഡിഫൻസ് രക്ഷപ്പെടുത്തി. നിയന്ത്രണം വിട്ട വാഹനത്തിന്റെ ടയർ കത്തി തീപടരുകയായിരുന്നു.