ലഫ്.ഗവർണർ പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി കേജരിവാൾ

ന്യൂഡൽഹി : ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തി വരുന്ന സമരം എട്ടാം ദിവസത്തിലെത്തുന്പോൾ പ്രശ്ന പരിഹാരത്തിന് ലഫ്റ്റനന്റ് ഗവർണർ ഇന്ന് സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേജരിവാൾ. ഡൽഹിയിലെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേജരിവാളും മന്ത്രിമാരും സമരം നടത്തുന്നത്. എട്ടുദിവസം സമരം ചെയ്തിട്ടും പ്രശ്ന പരിഹാരത്തിന് എട്ട് മിനുട്ട് പോലും സമയം മാറ്റി വയ്ക്കാൻ ലഫ്.ഗവർണർക്ക് സാധിച്ചില്ലെന്നും കേജരിവാൾ ട്വിറ്ററിലൂടെ വിമർശിച്ചു. മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നീ മന്ത്രിമാരാണ് കേജരിവാളിനൊപ്പം സമരത്തിലുള്ളത്. കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവർ കേജരിവാളിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം കേജരിവാൾ ലഫ്. ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ നടത്തുന്ന സമരത്തിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. വിഷയത്തിൽ നേരിട്ട് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഡൽഹി മുഖ്യമന്ത്രി ലഫ്. ഗവർണറുടെ ഓഫീസിൽ ധർണയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബി.ജെ.പി ധർണയിരിക്കുന്നു. ഡൽഹിയിലെ ഉദ്യോഗസ്ഥർ പത്രസമ്മേളനം നടത്തുന്നു. ഈ അരാജകത്വത്തോട് പ്രധാനമന്ത്രി കണ്ണടയ്ക്കുന്നു. ഈ നാടകങ്ങൾക്കിടെ ഡൽഹിയിലെ ജനങ്ങളാണ് ഇരകളാകുന്നത്-. രാഹുൽ ടീറ്റ് ചെയ്തു. വിഷയത്തിൽ രാഹുലിന്റെ ആദ്യ പ്രതികരണമാണിത്. കേജരിവാളിന്റെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയപ്പോൾ, കോൺഗ്രസ് വിഷയത്തിൽ ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും, നിതീഷ് കുമാറിന്റെ ജെ.ഡിയുവും കേജരിവാളിന് പിന്തുണ അറിയിച്ചെങ്കിലും രാഹുൽ മൗനം പാലിക്കുകയായിരുന്നു.