ദുബൈ ജുമൈറ ബീച്ച് താൽക്കാലികമായി അടച്ചു

ദുബൈ : കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ദുബൈയിലെ ജുമൈറ ബീച്ച് താൽക്കാലിമായി അടച്ചു. പെരുന്നാൾ അവധി പ്രമാണിച്ച് ബീച്ചിലേക്ക് കൂടുതൽ ആളുകളെത്തവെയാണ് ബീച്ച് അടച്ചത്. അതിനിടെ അജ്മാൻ ബീച്ചിൽ ആഫ്രിക്കൻ സ്വദേശി മുങ്ങി മരിച്ചു.
കാറ്റിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ദുബൈയിലെ ജുമൈറ ബീച്ച് താൽക്കാലികമായി അടച്ചത്. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഓപ്പൺ ബീച്ചുകളിലൊന്നാണിത്. വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കടൽ പ്രക്ഷുബ്ദമാകുമെന്നും അഞ്ച് മുതൽ എട്ട് അടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരമാല ശക്തമാകുന്നത് കടലിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് ഭീഷണിയാകുമെന്ന സാഹചര്യത്തിലാണ് രാത്രി മുതൽ പുലരും വരെ ബീച്ച് അടച്ചിടാൻ ദുബൈ നഗരസഭയുടെ രക്ഷാപ്രവർത്തന വിഭാഗം തീരുമാനിച്ചത്. പെരുന്നാൾ അവധിക്കിടെ അജ്മാൻ ബീച്ചിൽ മൂന്ന് പേർ കടലിൽ മുങ്ങി. രണ്ടുപേരെ രക്ഷപ്പെടുത്താനായെങ്കിലും ആഫ്രിക്കൻ സ്വദേശി മുങ്ങി മരിച്ചു.