പകർപ്പവകാശ ലംഘനക്കേസ് : നിതീഷ് കുമാറിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. പകർപ്പവകാശ ലംഘനക്കേസിൽ കക്ഷി ചേരാത്തതിന്റെ കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജെ.എൻ.യു സ്കോളറും രാഷ്ട്രീയ പ്രവർത്തകനുമായ അതുൽകുമാർ സിംഗ് നൽകിയ പരാതിയിലാണ് ജസ്റ്റിസ് റോഹിംഗ്ടൺ എഫ്. നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉത്തരവാദിത്തത്തിൽ, പാറ്റ്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.ഡി.ആർ.ഐയുടെ മെന്പർ സെക്രട്ടറി ഷൈബാൽ ഗുപ്ത പുറത്തിറക്കിയ പുസ്തകം തന്റെ ഗവേഷണ പ്രബന്ധമാണെന്ന് കാണിച്ചാണ് അതുൽകുമാർ സിംഗ് ഡൽഹി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നത്.
നിതീഷ് കുമാർ, ഷൈബാൽഗുപ്ത, എ.ഡി. ആർ.ഐ, സെന്റർ ഫോർ എക്കണോമിക് പോളിസി ആൻഡ് പബ്ലിക് ഫിനാൻസ് എന്നിവരിൽനിന്ന് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും അതുൽകുമാർ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് അതുൽകുമാർ സുപ്രീം കോട
തിയെ സമീപിച്ചത്. കേസിലെ കക്ഷികളുടെ പട്ടികയിൽനിന്ന് തന്റെ പേരു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.