സൗദിയിൽ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഒന്പത് ലക്ഷം ഫ്ളാറ്റുകൾ

റിയാദ് : സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഒന്പത് ലക്ഷത്തിലേറെ ഫ്ളാറ്റുകൾ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. പാർപ്പിടകാര്യ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് രാജ്യത്ത് 907,000 ഫ്ളാറ്റുകൾ കാലിയായി കിടക്കുന്നതായി ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും കൂടുതൽ ഫ്ളാറ്റുകളിൽ താമസക്കാരില്ലാതെ കിടക്കുന്നത് അൽബാഹ പ്രവിശ്യയിലാണ്. അൽബാഹയിലെ 30 ശതമാനം ഫ്ളാറ്റുകളിലും താമസക്കാരില്ല. 23.6 ഉം 23.4 ഉം ശതമാനം ഒഴിഞ്ഞ ഫ്ളാറ്റുകളുള്ള മക്കയും സകാക്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള നഗരങ്ങൾ.
കെട്ടിട ഉടമകൾക്ക് യാതൊരു പ്രയോജനവും ലഭിക്കാതെ കിടക്കുന്ന ഫ്ളാറ്റുകളുടെ തോത് (ശതമാന കണക്കിൽ) വിവിധ നഗരങ്ങളിൽ ഇപ്രകാരമാണ്. അറാർ (16.4), മദീന (16.2), ബുറൈദ (16.1), ദമാം, ഹായിൽ (15), ജിസാൻ (14.9), തബൂക്ക് (13.7), അബഹ (11.7), അൽഹസ (10.7), റിയാദ് (10.5), ജിദ്ദ, നജ്റാൻ (ഒന്പത്).
സാന്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി അനേകം തസ്തികകൾ സൗദിവത്കരിച്ചതിന്റെയും ആശ്രിത വിസയിൽ കഴിയുന്നവർക്ക് ലെവി ബാധകമാക്കിയതിന്റെയും പരിണത ഫലമായി വിദേശികൾ വൻ തോതിൽ സ്വരാജ്യങ്ങളിലേക്ക് മടങ്ങിയതാണ് പാർപ്പിട മേഖലക്ക് തിരിച്ചടിയായത്.