ദുബൈ ഫ്രെയിം ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിക്കും

ദുബൈ : ദുബൈ ഫ്രെയിം (ബിർവാസ് ദുബൈ) പുതുവത്സര സമ്മാനമായി 2018 ജനുവരി ഒന്നിന് സന്ദർശകർക്കായി തുറക്കുമെന്ന് മുനിസിപാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. മാധ്യമ പ്രവർത്തകർ ദുബൈഫ്രെയിം സന്ദർശിച്ചു. പുതുവർഷത്തിൽ വിനോദ സഞ്ചാരികളും സന്ദർശകരും പ്രവഹിക്കുന്നത് ദുബൈയിൽ തല ഉയർത്തി നിൽക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരിക്കുമെന്നാണ് കരുതുന്നത്.
എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയാണ് സന്ദർശകരെ അനുവദിക്കുക. മണിക്കൂറിൽ 200 പേരെ മാത്രമായിരിക്കും ദുബൈ ഫ്രെയിമിനകത്ത് പ്രവേശിപ്പിക്കുക. ഇതിനായി ഉടൻ പുറത്തിറക്കുന്ന മൊബൈൽ ആപ്പ് /വെബ് സൈറ്റ് വഴി ബുക്ക് ചെയ്യണം. മുതിർന്നവർക്ക് 50 ദിർഹം, മൂന്ന് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 20 ദിർഹം ആണ് പ്രവേശന നിരക്ക്. മൂന്ന് വയസിന് താഴെയുള്ളവർക്കും 60 വയസിന് മുകളിലുള്ളവർക്കും സൗജന്യ പ്രവേശനം അനുവദിക്കും.
കൂടാതെ, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും കൂടെ ഒരാൾക്കും പ്രവേശനം സൗജന്യമാണ്. മണിക്കൂറിൽ 200 പേരെന്ന കണക്കിൽ പ്രതിവർഷം 20 ലക്ഷം പേർ ദുബൈ ഫ്രെയിം സന്ദർശിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സമയ ക്രമമനുസരിച്ച് ടിക്കറ്റുകളെടുക്കാവുന്നതാണ്. ദുബൈ പാസ്റ്റ് ഗാലറി, ദുബൈ ഫ്യൂച്ചർ ഗാലറി, സ്കൈ ഡെക്ക്, സോഷ്യൽ മിഡിയാ വോൾ, കരകൗശല വസ്തുക്കളുടെ കട എന്നിവയാണ് ദുബൈ ഫ്രെയിമിന്റെ അകത്തളങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത്.
ദുബൈയിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സാബീൽ പാർക്കിലാണ് 150 മീറ്റർ ഉയരത്തിലും 93 മീറ്റർ വീതിയിലും സുതാര്യമായ ചില്ലുകളുടെ രണ്ട് വൻ സ്തൂപങ്ങളുമായി ഈ അതിശയ കെട്ടിടം യാഥാർത്ഥ്യമായത്. 93 മീറ്റർ നീളമുള്ള കണ്ണാടിപ്പാലമാണ് ഏറ്റവും വലിയ സവിശേഷത.