പാസഞ്ചർ-മെമു ട്രെയിനുകളു

കൊല്ലം : കോട്ടയം-എറണാകുളം ഭാഗത്തേക്കുള്ള പാസഞ്ചർ, മെമു ട്രെയിനുകൾ നിരന്തരം വൈകി ഓടുന്നതിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ കണ്ട് ചർച്ച നടത്തി. വൈകി ഓടുന്ന ട്രെയിനുകളുടെ സമയം എത്രയും വേഗം പുനഃസ്ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകിയതായും കൊടിക്കുന്നിൽ പറഞ്ഞു.
നേരത്തെ ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ച ശേഷമാണ് കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തിയത്. റെയിൽവേ മന്ത്രിയോടൊപ്പം റെയിൽവേ ബോർഡിലെ അഡ്വൈസർ ഗുഹ, എക്സി. ഡയറക്ടർ രാജീവ് സാഗ്സേന എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും ചങ്ങനാശേരി വരെ മെമു ട്രെയിനിൽ യാത്ര ചെയ്തപ്പോൾ യാത്രക്കാരിൽനിന്നും ലഭിച്ച പരാതികളും നിവേദനങ്ങളും കൊടിക്കുന്നിൽ സുരേഷ് റെയിൽവേ മന്ത്രിക്ക് കൈമാറി.
പരശുറാം എക്സ്പ്രസ്, കൊല്ലം−എറണാകുളം മെമു, കോട്ടയം−കൊല്ലം പാസഞ്ചർ എന്നീ ട്രെയിനുകൾ വൈകി ഓടുന്നതുമൂലം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുന്നതായും എം.പി ചൂണ്ടിക്കാട്ടി. പ്രശ്നത്തിൽ മന്ത്രി ഇടപെടണമെന്നും വൈകുന്നേരം 5.30 ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന പാസഞ്ചർ ട്രെയിന് പകരം മെമു ട്രെയിൻ ഓടിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം ഭാഗത്തേക്കുള്ള പാസഞ്ചർ, മെമു ട്രെയിനുകൾ വൈകി ഓടുന്നതിനെ സംബന്ധിച്ച് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുവാൻ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ റെയിൽവേ ബോർഡിലെ അഡ്വൈസർ ഗുഹയെ മന്ത്രി ചുമതലപ്പെടുത്തി.
മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സതേൺ− റെയിൽവേ ജനറൽ മാനേജരുമായും ചെന്നൈയിലെ ചീഫ് ഓപ്പറേറ്റിംഗ് മാനേജരുമായും അഡ്വൈസർ ഗുഹ കാര്യങ്ങൾ ചർച്ച ചെയ്തു. ട്രെയിനുകൾ വൈകി ഓടുന്നതിനു പരിഹാരം കാണാൻ സതേൺ റെയിൽവേയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നു സതേൺ റെയിൽവേ ജനറൽ മാനേജർ മന്ത്രിയെ അറിയിച്ചതായും എം.പി പറഞ്ഞു.