ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ ഒന്നു മുതൽ

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ ഒന്നിന് ആരംഭിക്കും. ഷാർജ എക്‌സ്‌പോ സെന്ററിൽ തന്നെയായിരിക്കും ഇത്തവണയും പ്രദർശനവും അനുബന്ധപരിപാടികളും നടക്കുക. മേള 11ന് അവസാനിക്കും. പുസ്തകോത്സവത്തിന്റെ 36−ാം വർഷമാണിത്. പതിവുപോലെ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലും നേതൃത്വത്തിലുമായി നടക്കുന്ന ഷാർജ പുസ്തകമേള വലുപ്പം കൊണ്ട് ഇതിനകം ലോകത്തിലെ മൂന്നാമത്തെ മേളയായി വളർന്നു കഴിഞ്ഞു.
മേഖലയിലെ ഏറ്റവും വിപുലമായ പ്രദർശനമെന്ന ഖ്യാതിയും ഇതിനുണ്ട്. സംസ്‌കാരത്തിന്റയും വിജ്ഞാനത്തിന്റെയും മികച്ച വിളനിലം എന്ന നിലയിൽ പുതുതലമുറയ്ക്കുപോലും ഏറെ ആവേശം നൽകുന്ന വിധത്തിൽ ഷാർജ പുസ്തകമേള വളർന്നതായി സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ അമറി പറഞ്ഞു.
ബ്രിട്ടൻ ആയിരിക്കും ഇത്തവണത്തെ അതിഥി രാഷ്ട്രം. ബ്രിട്ടന്റെ സവിശേഷമായ സാംസ്‌കാരിക പൈതൃകത്തിന്റെയുംസാഹിത്യത്തിന്റെയും പ്രദർശനം കൂടിയായിരിക്കും ഈ വർഷത്തെ പുസ്തകമേള. 2019−ലെ പുസ്തക തലസ്ഥാനമായി നേരത്തേ യുനെസ്‌കോ ഷാർജയെ തിരഞ്ഞെടുത്തിട്ടുണ്ട്. സാംസ്‌കാരിക രംഗത്ത് ഷാർജ നടത്തിവരുന്ന ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കുമുള്ള ലോകത്തിന്റെ അംഗീകാരമാണിതെന്ന ചെയർമാൻ വ്യക്തമാക്കി.
മേളയ്ക്ക് മുന്നോടിയായി ഒക്ടോബർ 30, 31 തീയ്യതികളിൽ പുസ്തകരചനയിലും പ്രസാധനത്തിലും പ്രവർത്തിക്കുന്നവർ ക്കായുള്ള പ്രത്യേക പരിപാടിയും നടക്കും.
ആഗോള പ്രശസ്തരായ 250 പ്രസാധകർ ഇതിൽ പങ്കെടുക്കും. പ്രസാധന രംഗത്തെ പുത്തൻ പ്രവണതകളായിരിക്കും ഈ ദിവസങ്ങളിലെ പ്രധാന ചർച്ച.