വ്യാജ മരുന്നുകൾ തിരിച്ചറിയാനുള്ള ഉപകരണവുമായി യു.എ.ഇ

ദുബൈ : വ്യാജമരുന്നുകൾ, നിലവാരം കുറഞ്ഞ മരുന്നുകൾ തുടങ്ങിയവ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സംവിധാനം യു.എ.ഇ നടപ്പാക്കുന്നു. രാജ്യാന്തര ഡ്രഗ് ഓർഗനൈസേഷന്റെ അംഗീകാരമുള്ള ട്രൂ സ്കാൻ ആർ.എം അനലൈസറാണ് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പരിശോധന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കാൻ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകിയത്.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പോസ്റ്റ് ഓഫീസുകൾ തുടങ്ങിയവ വഴി എത്തുന്ന മരുന്നുകൾ പരിശോധിക്കാനും അവയ്ക്ക് അനുമതി നൽകാനും പ്രാദേശിക തലത്തിൽ ഉദ്യോഗസ്ഥർക്കു പരിശീലനവും ശാക്തീകരണവും നൽകുന്നുണ്ട്. തുറമുഖങ്ങളിൽ പുതിയ പരിശോധന സംവിധാനം നടപ്പാക്കി.
കൂടാതെ, മറ്റു കേന്ദ്രങ്ങളിലേക്കും പുതിയ സംവിധാനത്തിന്റെ ഉപയോഗം വ്യാപിപ്പിക്കും. പ്രാദേശിക തുറമുഖങ്ങളിലും ഉപകരണം ഉപയോഗിച്ചു തുടങ്ങും. യു.എ.ഇയിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ നിലവാരവും ഗുണമേന്മയും ഉറപ്പാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും പരിശോധന സംവിധാനം കുറ്റമറ്റതാക്കുകയും ചെയ്യും. ദുബൈ വിമാനത്താവളം, അബുദാബി വിമാനത്താവളം, അബുദാബി പോസ്റ്റ്, അൽ ഐനിലെ അതിർത്തി തുറമുഖങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പുതിയ ഉപകരണം വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം ലൈസൻസിംങ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമിരി പറഞ്ഞു.
ഹൃദയ സംബന്ധമായ രോഗങ്ങൾ, ക്യാൻസർ തുടങ്ങിയവയ്ക്കായുള്ള മരുന്നുകളിലെ വ്യാജനെയും നിലവാരമില്ലാത്തവയെയും കണ്ടെത്താൻ പുതിയ സംവിധാനം ഉപകരിക്കുമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലേക്ക് കൊണ്ടുവരുന്ന മരുന്നുകൾ സംബന്ധിച്ച കൃത്യമായ വിവരം കൈമാറാനും പുതിയ സംവിധാനത്തിലൂടെ കഴിയും.