വീണ്ടും റെക്കോർഡ് നേട്ടം കൈവരിച്ച് മിതാലി രാജ്

ലഖ്നൗ: ഏകദിന ക്രിക്കറ്റിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം എന്ന നേട്ടവും സ്വന്തമാക്കി മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിലാണ് മിതാലി റിക്കാർഡ് കുറിച്ചത്. റിക്കാർഡ് നേട്ടത്തിലെത്താൻ 26 റൺസ് കൂടി മാത്രമാണ് വേണ്ടിയിരുന്നത്. മത്സരത്തിൽ 45 റൺസിൽ മിതാലി പുറത്തായി. 213 ഏകദിനത്തിൽനിന്നാണ് മിതാലി റിക്കാർഡിലെത്തിയത്. വനിതാ ഏകദിന റൺ സ്‌കോറർ പട്ടികയിൽ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഷാർലറ്റ് എഡ്വേർഡ് ആണ് മിതാലിക്ക് പിന്നിൽ. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ എഡ്വേർഡ്സ് ഏകദിനത്തിൽ 5,992 റൺസ് നേടിയിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം എന്ന നേട്ടം കഴിഞ്ഞ ദിവസം മിതാലി സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ രണ്ടാമത്തെ വനിതയാണ് മുപ്പത്തിയെട്ടുകാരിയായ മിതാലി. 291 ഇന്നിംഗ്സിൽ നിന്നാണ് മിതാലിയുടെ ഈ നേട്ടം. 1999 ജൂണിൽ അയർലൻഡിനെതിരായ ഏകദിനത്തിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച രാജസ്ഥാൻകാരിയായ മിതാലി ഏഴ് സെഞ്ചുറികളും 54 അർധ സെ ഞ്ചുറികളും നേടിയിട്ടുണ്ട്. മിതാലി 2019 സെപ്റ്റംബറിൽ ട്വന്‍റി−20യിൽ നിന്നും വിരമിച്ചു.
10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും നാൽ അർധസെഞ്ചുറിയും ഉൾപ്പെടെ 663 റണ്‍സ് നേടി. 214 റണ്‍സാണ് ഉയർന്ന സ്കോർ. 213 ഏകദിന ങ്ങളിൽനിന്ന് 7,019 റണ്‍സ് ഉണ്ട്. 125 നോട്ടൗട്ട് ആണ് ഉയർന്ന സ്കോർ. 89 ട്വന്‍റി−20യിൽനിന്ന് 17 അർധസെഞ്ചുറിയുൾപ്പെടെ 2364 റൺസ് നേടി.