തുടർച്ചയായ തോൽവി: കോച്ച് കിബു വികൂനയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കി



കൊച്ചി: ഐ.എസ്.എല്ലിൽ ഹൈദരാബാദിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യ പരിശീലകൻ കിബു വികൂനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനോട് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഓർക്കാൻ ഇഷ്ടപ്പെടാത്ത പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പുറത്തെടുത്തത്. രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കവേ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ടീമിപ്പോൾ. ഇതുവരെ കളിച്ച പതിനെട്ടു കളികളിൽ നിന്നും കേവലം പതിനാറു പോയിന്റാണ് ടീമിന്റെ സന്പാദ്യം. ആകെ ജയിച്ചത് മൂന്ന് മത്സരങ്ങളിലും.
ഇന്നലെ ഹൈദരബാദിനോടേറ്റ നാണംകെട്ട തോൽവിയാണു കോച്ചിനെ പുറത്താക്കാനുള്ള നീക്കം വേഗത്തിലാക്കാൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്ന് ഫുട്ബോൾ വെബ്സൈറ്റായ ഗോൾ റിപ്പോർട്ട് ചെയ്തു. ഒത്തൊരുമയില്ലാത്ത പ്രതിരോധമാണ് ടീമിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. 33 ഗോളുകളാണ് ഈ സീസണിൽ ടീം വഴങ്ങിയത്. ഈ സീസണിലെ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയതും ബ്ലാസ്റ്റേഴ്‌സ് തന്നെ. പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കണമെന്ന നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളത്തിലിറങ്ങിയത്. ഹൈദരാബാദിനോടേറ്റ കനത്ത തോൽവിയോടെ പ്ലേ ഓഫിൽ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed