ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ഡിസംബറിൽ: ആദ്യ ടെസ്റ്റ് ബ്രിസ്‌ബെയ്‌നിൽ

സിഡ്നി: കോവിഡ്−19 പ്രതിസന്ധി ഒഴിഞ്ഞാൽ ഡിസംബറിൽ ഇന്ത്യ − ഓസ്ട്രേലിയ ക്രിക്കറ്റ് പരന്പരയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പരന്പര നടക്കുകയാണെങ്കിൽ ആദ്യ ടെസ്റ്റിന് ബ്രിസ്ബെയ്ൻ വേദിയാകും. 2020− 2021 സീസണിലെ അന്താരാഷ്ട്ര മത്സരക്രമം ഈ ആഴ്ച ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിക്കും.
നാലു ടെസ്റ്റുകളടങ്ങിയ പരന്പര ഡിസംബർ മൂന്നിന് ആരംഭിക്കുമെന്നാണ് സൂചന. പരന്പരയുടെ സമയക്രമത്തിന്റെ കാര്യത്തിൽ ബി.സി.സി.ഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിൽ ധാരണയായതായി ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഓസ്ട്രേലിയയിലെ കോവിസ് സാഹചര്യം അനുസരിച്ചിരിക്കും പരന്പരയുടെ ഭാവി.
അഡ്ലെയ്ഡ്, മെൽബൺ, സിഡ്നി എന്നിവയായിരിക്കും മറ്റു ടെസ്റ്റുകളുടെ വേദികൾ. ബോക്സിങ് ഡേ ടെസ്റ്റ് ഡിസംബർ 26 മുതൽ മെൽബണിലായിരിക്കും. പരന്പരാഗതമായി ബോക്സിങ് ഡേ ടെസ്റ്റുകൾ ഇതേ വേദിയിലാണ് നടക്കാറ്. അഡ്ലെയ്ഡിൽ വെച്ച് നടക്കുന്ന മത്സരം ഡേ−നൈറ്റ് ടെസ്റ്റായിരിക്കുമെന്നും സൂചനയുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റ് കളിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.