പ്രധാനമന്ത്രി നാളെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ നാളെ രാവിലെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇക്കാര്യത്തിൽ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക്കൂടി നീട്ടാൻ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അതിനാൽ ഇൗ പ്രഖ്യാപനമാവും നാളെ പ്രധാനമന്ത്രി നടത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്ക്ഡൗൺ നീട്ടാൻ ധാരണയായത്. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉന്നയിച്ചത്. ചില സംസ്ഥാനങ്ങൾ ഇതിനകം ലോക്ക് ഡൗൺ നീട്ടുകയും ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രങ്ങൾ നീക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ചില മേഖളകളിൽ ഇളവുകളോടെയായിരിക്കും രണ്ടാംഘട്ട ലോക്ക്ഡൗൺ എന്നാണ് സൂചന. എന്നാൽ ഏതൊക്കെ മേഖലകളിലാവും ഇതെന്ന് വ്യക്തമല്ല. പല സംസ്ഥനങ്ങളിലും വിളവെടുപ്പ് നടക്കുന്നതിനാൽ കാർഷികമേഖലയ്ക്കും അതുപോലെ നിർമ്മാണ മേഖലയ്ക്കും ഇളവുനൽകുമെന്നാണ് കരുതുന്നത്.
അടച്ചിടൽ തുടരുന്ന വേളയിൽ അന്തർസംസ്ഥാന യാത്ര അനുവദിക്കില്ല. റെയിൽ, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവനുവദിക്കാൻ സാധ്യത. രോഗത്തിന്റെ വ്യാപനം കൂടുതലുള്ള ചുവപ്പ്, അൽപം കുറവുള്ള മഞ്ഞ, സുരക്ഷിതമായ പച്ച എന്നിങ്ങനെ മൂന്നു മേഖലകളാണുണ്ടാവുക.