സഞ്ജുവിന് പിന്നാലെ പതിനേഴ് വയസുകാരൻ യശസ്‌വി ജയ്സ്വാളിനും ഇരട്ട സെഞ്ചുറി


ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്‍റിൽ മുംബൈയുടെ പതിനേഴ് വയസുകാരൻ ഓപ്പണർ യശസ്‌വി ജയ്സ്വാളിന് ഡബിൾ സെഞ്ചുറി. ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് കൗമാരതാരം ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തത്. 154 പന്തുകൾ മാത്രം നേരിട്ട മുംബൈ ഓപ്പണർ 17 ഫോറും 12 സിക്സും പറത്തി 203 റണ്‍സ് നേടി പുറത്തായി. അവസാന ഓവറിലെ നാലാം പന്തിലാണ് ജയ്സ്വാൾ വീണത്.കഴിഞ്ഞ മത്സരത്തിൽ കേരളത്തിനെതിരേ സെഞ്ചുറി നേടിയ ജയ്സ്വാൾ ഇന്നും മിന്നുന്ന ഫോമിലായിരുന്നു. കേരളത്തിനെതിരേ 112 റണ്‍സാണ് താരം നേടിയത്. ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഗോവയ്ക്കെതിരേ സഞ്ജു സാംസണ്‍ കുറിച്ച 212 എന്ന റിക്കാർഡ് മറികടക്കാൻ ജയ്സ്വാളിന് കഴിഞ്ഞില്ല. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ജയ്സ്വാൾ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ജയ്സ്വാളിന്‍റെയും നായകൻ ആദിത്യ താരെയുടെയും (78) മികവിൽ 50 ഓവറിൽ മൂന്ന് വിക്കറ്റിന് 358 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ ജയ്സ്വാൾ-താരെ സഖ്യം 200 റണ്‍സ് ചേർത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശ്രേയസ് അയ്യർ 14 പന്തിൽ 31 റണ്‍സോടെ പുറത്താകാതെ നിന്നു. അയ്യർ മൂന്ന് സിക്സും ഒരു ഫോറും നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed