ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ പേസ് ബോളർ ജസ്പ്രിത് ബുമ്ര രണ്ടാം സ്ഥാനത്ത്

ദുബായ് : ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ പേസ് ബോളർ ജസ്പ്രിത് ബുമ്ര രണ്ടാം സ്ഥാനത്തേക്കുയർന്നു. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തി. ബംഗ്ലദേശിന്റെ ഷക്കിബ് അൽ ഹസൻ നേതൃത്വം കൊടുക്കുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കു മാറ്റമില്ല.
ചാംപ്യൻസ് ട്രോഫി കിരീടം നേടിയ പാക്കിസ്ഥാൻ ടീമിലെ അംഗമായ ഇമാദ് വാസിം ട്വന്റി20 ബോളർമാരിൽ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര കഴിഞ്ഞതോടെ ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറിനു സ്ഥാനം നഷ്ടമായി. രണ്ടു മൽസരങ്ങളിൽനിന്ന് ഒരു വിക്കറ്റു മാത്രം നേടിയ താഹിർ മൂന്നാംസ്ഥാനത്തേക്കു താഴ്ന്നു.
ബാറ്റിങ് പട്ടികയിൽ കോഹ്‌ലി, ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച്, ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസൺ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നിലനിർത്തി.