ജിദ്ദയിലെ ചേരികളില്‍ നിന്ന് 60 മില്യണ്‍ റിയാലും 100 കിലോ സ്വര്‍ണ്ണശേഖരവും പിടിച്ചെടുത്തു


ജിദ്ദയിലെ ചേരികളില്‍ നിന്ന് 60 മില്യണ്‍ റിയാലും 100 കിലോയിലധികം വരുന്ന സ്വര്‍ണ്ണശേഖരവും പിടിച്ചെടുത്തതായി മക്ക മേഖല പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സാലിഹ് അല്‍ ജാബ്രി അറിയിച്ചു. പണവും സ്വര്‍ണ്ണവും രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അവ പിടിച്ചെടുത്തത്. വിവിധ രാജ്യക്കാര്‍ മനുഷ്യക്കടത്തിനുള്ള തങ്ങളുടെ താവളങ്ങളാക്കി ചേരികളെ മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കച്ചവടക്കാരുടെ സുരക്ഷിത താവളങ്ങളായി മാറുന്ന ചേരികള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ 218 കിലോഗ്രാം കഞ്ചാവാണ് ചേരിപ്രദേശങ്ങളില്‍നിന്ന് പിടിച്ചെടുത്തത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി വിവിധതരം രോഗങ്ങളും പകര്‍ച്ചവ്യാധികളും പകരുന്നതിനുള്ള ഉറവിടമായും ചേരികള്‍ മാറിയതായി അദ്ദേഹം വ്യക്തമാക്കി. പോലീസ് വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത തരത്തിലുള്ള ഇടുങ്ങിയ റോഡുകള്‍ കാരണം ഇത്തരം വിശാലമായ ചേരികളുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നും അല്‍ ജാബ്രി അറിയിച്ചു. ഇത്തരം ചേരികളില്‍ സമ്പൂര്‍ണ സുരക്ഷാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ഇത് വലിയ തടസമാകുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed