12 മുതൽ 18 വയസുവരെ ഉള്ളവർക്ക് കോർബെവാക്‌സ് നൽകാൻ ശുപാർശ

ബയോളജിക്കൽ ഇയുടെ കോർബെവാക്‌സ് കോവിഡ് വാക്‌സിൻ 12 മുതൽ 18 വയസുവരെ ഉള്ളവരിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ശുപാർശയിൽ ദി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്തിമ തീരുമാനമെടുക്കും. തദ്ദേശീയമായി വികസിപ്പിച്ച ആർബിഡി പ്രോട്ടീൻ സബ് യൂനിറ്റ് വാക്‌സിനായ കോർബൊവാക്‌സിൻ മുതിർന്നവരിൽ ഉപയോഗിക്കാൻ ഡിസംബർ 28ന് ഡിസിജിഐ അംഗീകാരം നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം ഉദ്ധരിച്ചാണ് വിദ്ഗധ സമിതി വാക്‌സിന് ശുപാർശ നൽകിയിരിക്കുന്നത്. ഒന്നരക്കോടി കൗമാരക്കാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. 15നും 18നും ഇടയിലുള്ളവർക്കാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് നൽകിത്തുടങ്ങിയിട്ടില്ല. 15നും 18നും ഇടയിലുള്ളവർക്ക് വാക്‌സിൻ നൽകിയ ശേഷം ഇവർക്കും വാക്‌സിൻ നൽകാൻ തുടങ്ങിയേക്കും. അതുകൊണ്ടാണ് കോർബൊ വാക്‌സിന് അംഗീകാരം നൽകാനുള്ള നടപടികൾ നടക്കുന്നത്. ജൂൺ മുതൽ 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകിത്തുടങ്ങിയേക്കും. നിലവിൽ 15 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഒന്നും തീരുമാനിച്ചിട്ടില്ല.
അമേരിക്കയിലെ ടെക്സാസിലെ ചില ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ വാക്സിനാണ് കൊർബെവാക്സ് . പീപ്പിൾസ് കോവിഡ് വാക്സിൻ എന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലും ഹൂസ്റ്റണിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനും ചേർന്ന് 2021 അവസാനത്തോടെ വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ, ഓപ്പൺ ലൈസൻസോടെ ബയോളജിക്കൽ ഇ ലിമിറ്റഡ് എ്ന്ന സ്ഥാപനത്തിനാണ് ഇതിന്റെ ഉത്പാദനാവകാശം കൈമാറിയത്.
രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വാക്‌സിനായിരിക്കുമെന്ന് ഇതെന്നാണ് റിപ്പോർട്ട്. രണ്ടു ഡോസിനും കൂടി 400 രൂപയാകും ചെലവ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.