ഉംറ യാത്രക്കിടെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി


റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങവേ വാഹനം മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി. മാഹി സ്വദേശികളായ ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്തും നാട്ടുകാരനുമായ അമീനിന്റെ മകൻ അർഹാം (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ നസീം മഖ്ബറയിൽ ഖബറടക്കിയത്. തിങ്കളാഴ്ചയായിരുന്നു അപകടമുണ്ടായത്. മാഹി സ്വദേശികളായ രണ്ട് കുടുംബങ്ങൾ ഉംറ നിർവ്വഹിച്ച് റിയാദിലേക്ക് മടങ്ങുന്നതിനിടയിൽ ജിദ്ദ എക്സ്പ്രസ് വേയിൽ ഹുമയാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട ഇവരുടെ വാഹനം റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഷമീമും കുടുംബവും സുഹൃത്തായ അമീനും കുടുംബവുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഷമീമും അമീനിന്റെ മകൻ അർഹാമും സംഭവസ്ഥലത്ത് മരിച്ചു. ഷമീമിന്റെ ഭാര്യയും റിയാദിലെ എരിത്രിയൻ സ്‌കൂളിലെ അധ്യാപികയുമായ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ റിയാദിലെ ശുമൈസി ജനറൽ ആശുപ്രത്രിയിൽ ചികിത്സയിലാണ്. അഷ്മിലയെ ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. ഷാനിബക്ക് കഴുത്തിനാണ് പരിക്കേറ്റത്. ഇരുവരെയും സ്‌ട്രെച്ചറിൽ കൊണ്ട് വന്നു പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കാണിച്ചു. ഷാനിബയുടെ മകനാണ് മരിച്ച നാല് വയസുകാരനായ അഹ്റാം. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ദീക്ക് തുവ്വൂർ, സാമൂഹിക പ്രവർത്തകരായ നിഹ്മത്ത്, ഖമർ എന്നിവരും മാഹി കൂട്ടായ്മയുടെ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. റിയാദിലെ മാഹി കൂട്ടായ്മയുടെ ട്രഷററായിരുന്നു മരിച്ച ഷമീം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed