അടിമലത്തുറ തീരം കയ്യേറ്റം: പള്ളിക്കമ്മിറ്റിക്കെതിരെ റവന്യുമന്ത്രി

തിരുവനന്തപുരം: ലത്തീൻ സഭയുടെ അനധികൃത ഭൂമി വിൽപ്പനക്ക് ഇരയായ മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. തീരം കയ്യേറ്റത്തിനും അനധികൃത ഭൂമി വിൽപ്പനക്കും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ലത്തീൻ സഭയുടെ നേതൃത്വത്തിൽ തീരം കയ്യേറുകയും മൂന്ന് സെന്‍റ് വീതം മത്സ്യതൊഴിലാളികൾക്ക് വിൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വീട് മാത്രമല്ല പള്ളി ആവശ്യത്തിന് കൺവെൻഷൻ സെന്‍റര്‍ പണിയാനും ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളെ സർക്കാർ പുനരധിവസിപ്പിക്കും. നിലവിലെ കയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ല. ദുരന്തമുണ്ടായാൽ പഴി സർക്കാരിനാകുമെന്നും മന്ത്രി പറഞ്ഞു. പള്ളികമ്മിറ്റി സർക്കാരിനെ വെല്ലുവിളിക്കരുത്. അടിമലത്തുറയിലെ റവന്യുകണ്ടെത്തലുകൾ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ നടപടികൾ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.