സൗദിയിൽ കാർബോംബാക്രമണ ശ്രമം; ഏറ്റുമുട്ടലില്‍ രണ്ട് ഭീകരെ സുരക്ഷാസേന വധിച്ചു

റിയാദ്: സൗദി അറേബ്യയിൽ കാർബോംബാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരര്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദമ്മാമിലാണ് രണ്ട് ഭീകരരെ കഴിഞ്ഞ ദിവസം സുരക്ഷാസേന വധിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ദമ്മാമിൽ വൻ കാർബോംബ് സ്ഫോടനം നടത്താനുള്ള തീവ്രവാദികളുടെ പദ്ധതിയാണ് ഈ മാസം 25ന് സൗദി സുരക്ഷസേന വിഫലമാക്കിയത്.
ഭീകരസംഘത്തിൽപ്പെട്ട രണ്ട് സ്വദേശി യുവാക്കളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അഹമ്മദ് അബ്ദുല്ല സുവൈദ്, അബ്ദുല്ല ഹുസൈൻ അൽനിമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരും ചിത്രങ്ങളും സേനാവൃത്തങ്ങൾ പുറത്തുവിട്ടു. നേരത്തെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ച ഭീകരസംഘാംഗങ്ങളായിരുന്നു ഇവർ. ഇവരുടെ കൂട്ടാളിയായ ഒരാൾ കസ്റ്റഡിയിലുണ്ട്. സ്ഫോടനം ലക്ഷ്യമിട്ട് അഞ്ച് കിലോ ആർഡിഎക്സ് സൂക്ഷിച്ച കാറാണ് സുരക്ഷാസേന പിടികൂടിയത്. യന്ത്രത്തോക്കുകളും കൈത്തോക്കുകളും സ്ഫോടനസാമഗ്രികളും പണവും സംഘത്തിൽ നിന്ന് പിടികൂടി. ദമ്മാമിലെ അല്‍ അനൂദ് എന്ന സ്ഥലത്തെ ഒരു കേന്ദ്രത്തിൽ ഭീകരർ തമ്പടിച്ചിരിക്കയായിരുന്നു. ഒളിച്ചു കഴിയുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞു. കീഴടങ്ങാന്‍ അനുസരിക്കാതെ വന്നപ്പോൾ സുരക്ഷാ ഭടന്മാര്‍ക്കുനേരെ ഭീകരർ വെടിയുതിര്‍ത്തു. കീഴടക്കാൻ തിരികെ വെടിവെക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ശേഷം അവരുടെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് വിവിധ വസ്തുക്കൾ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് സാധാരണ ജനങ്ങളെ ഒഴിപ്പിച്ച ശേഷമായിരുന്നു സേന കേന്ദ്രം വളഞ്ഞത്. നാലു വര്‍ഷം മുമ്പ് ഇതേ പ്രദേശത്തെ ശിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടന്നിരുന്നു. അന്ന് ആക്രമണത്തില്‍ ഭീകരര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് സമാധാനം തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി നിരീക്ഷിച്ച് വരുകയാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.