ദമാംമിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ദമാം: കിഴക്കൻ സൗദി അറേബ്യയിൽ നടന്ന ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. ദമാം സിറ്റിക്കടുത്തുള്ള അൽ അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ സേന വധിച്ചത്.
കൊല്ലപ്പെട്ട ഭീകരവാദികളുടെ പേരുവിരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഭ്യമായ വിവരമനുസരിച്ചു അൽ അനൂദ് ഏരിയയിലുള്ള ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരർ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച് സുരക്ഷാ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സേനക്കുനേരെ ഭീകരർ വെടിവെപ്പ് നടത്തി. ഇതോടെ സുരക്ഷാ വിഭാഗം തിരിച്ചു വെടിവെച്ചു. വെടിവെപ്പിൽ രണ്ട് ഭീകരരും കൊല്ലപ്പെടുകയായിരുന്നു.