രാജ്യത്ത് അസാധാരണമായ സാന്പത്തിക മാന്ദ്യമെന്ന് മോദിയുടെ മുൻ സാന്പത്തിക ഉപദേഷ്ടാവ്

ന്യൂഡൽഹി: രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാന്പത്തിക മാന്ദ്യമല്ലെന്നും വലിയ മാന്ദ്യമാണെന്നും നരേന്ദ്ര മോദി സർക്കാരിന്റെ മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. ’ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളർച്ച, ഉൽപ്പാദന വളർച്ചാ നിരക്ക് എന്നിവയാണ് സാന്പത്തിക വളർച്ചയുടെ സൂചകങ്ങളായി എടുക്കേണ്ടത്. ഈ സൂചകങ്ങളെ മുന്‍പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണം. 2000 −2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവ് ആയിരുന്നു’− അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഈ നിരക്കുകളെല്ലാം താഴ്ന്ന അവസ്ഥയിലാണ്. ഇത് ഒരു സാധാരണ മാന്ദ്യമല്ല. ഇത് ഇന്ത്യയുടെ വലിയ മാന്ദ്യമാണ്. തൊഴിൽ ലഭ്യത, ആളുകളുടെ വരുമാനം, സർക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2011 നും 2016 നും ഇടയിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 2.5 ശതമാനം അധികമായി കണക്കാക്കിയതായി ഈ വർഷം ആദ്യം അരവിന്ദ് സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. ജിഡിപി നിരക്ക് സാന്പത്തിക വളർച്ചയുടെ കൃത്യമായ സൂചിക അല്ലെന്നും രാജ്യാന്തര തലത്തിൽ ഇക്കാര്യം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജിഡിപി നിരക്ക് തുടർച്ചയായ ഏഴാം പാദത്തിലും താഴേക്ക് പോയിരുന്നു. 2019 −20 സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. 2018 −19 സാന്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഇത് എട്ട് ശതമാനമായിരുന്നു.