സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ

ദമാം: സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ച കേസില്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചു. അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും മൂന്നു പേര്‍ക്ക് 24 വര്‍ഷം തടവുശിക്ഷയുമാണ് പ്രഖ്യാപിച്ചത്. രണ്ടു പേരെ വെറുതെവിട്ടു. കേസില്‍ 11 പേരെയാണ് കോടതി വിചാരണ ചെയ്തത്.
അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ അടുത്ത അനുയായിയേയും വെറുതെ വിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു കാലത്ത് സൗദി രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഖഷോഗി മുഹമ്മദ് രാജകുമാരന്റെ കടുത്ത വിമര്‍ശകനായി മാറുകയും വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള വിദേശ മാധ്യമങ്ങളില്‍ ലേഖമെഴൂതുകയും ചെയ്തതിനു പിന്നാലെയാണ് ഖഷോഗി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്.
ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് 2018 ഒക്‌ടോബര്‍ രണ്ടിന് ഖഷോഗി കൊല്ലപ്പെട്ടത്. ഭീഷണി രൂക്ഷമായതോടെ സൗദിയില്‍ നിന്നും അമേരിക്കയിലേക്ക് കടന്ന ഖഷോഗി ഇസ്താംബൂളില്‍ എത്തിയപ്പോഴാണ് സൗദി ഏജന്റുമാര്‍ തന്ത്രപരമായി ഇദ്ദേഹത്തെ വധിച്ചത്. വിവാഹത്തിനായി രേഖകള്‍ വാങ്ങുന്നതിനാണ് ഖഷോഗി കോണ്‍സുലേറ്റില്‍ വന്നത്. കോണ്‍സുലേറ്റിലേക്ക് കയറിപ്പോകുന്നത് കണ്ട ഖഷോഗി തിരിച്ച് പുറത്തേക്ക് വന്നിരുന്നില്ല. മൃതദേഹം എവിടെ സംസ്‌കരിച്ചു എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. 2018 ഡിസംബര്‍ 11ന് ടൈം മാഗസിന്‍ ജമാല്‍ ഖസോഗിയെ പഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു. ‘ഗാര്‍ഡിയന്‍ ഓഫ് ദ ട്രൂത്ത്’ എന്നാണ് ടൈം മാഗസിന്‍ ഖഷോഗിയെ വിശേഷിപ്പിച്ചത്.