സൗദി അറേബ്യ ചരിത്ര മുന്നേറ്റത്തിൽ: 48-ാമത്തെ സയാമീസ് ഇരട്ടകളെയും വേർപ്പെടുത്തി


റിയാദ്: സയാമീസുകളെ വേർപ്പെടുത്തൽ ഒരു നിയോഗമായി ഏറ്റെടുത്ത സൗദി അറേബ്യയുടെ മുന്നേറ്റം തുടരുന്നു. 48-ാമത്തെ ഇരട്ടകളെയും ഇന്നലെ വേർപ്പെടുത്തി. അഹമ്മദ്, മുഹമ്മദ് എന്നീ ലിബിയൻ സയാമീസുകളെയാണ് വ്യാഴാഴ്ച റിയാദിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്. 
35 ഡോക്ടര്‍മാരുടെ സംഘം 11 ഘട്ടങ്ങൾ കടന്ന ശസ്ത്രക്രിയകൾക്കൊടുവിലാണ് ഒന്നായി ഒട്ടിക്കിടന്ന അഹമ്മദിനെയും മുഹമ്മദിനെയും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാക്കിയത്. തന്റെ ഓമനകളെ കാണാനെത്തിയ പിതാവ് ആശുപത്രിയിൽ വികാരനിർഭരമായ നിമിഷങ്ങൾ സൃഷ്ടിച്ചു. സന്തോഷം കൊണ്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു. മുൻ ആരോഗ്യ മന്ത്രി കൂടിയായിരുന്ന ലോകപ്രശസ്ത സർജൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ 18 വർഷം മുമ്പാണ് സൗദി അറേബ്യ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് തുടക്കമിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സയാമീസുകളെ റിയാദിലെത്തിച്ച് പൂർണമായും സർക്കാർ ചിലവിൽ ശസ്ത്രക്രിയ നടത്തി വേർപെടുത്തുന്നത് ഒരു ജീവകാരുണ്യ ദൗത്യമായാണ് രാജ്യം നടത്തിവരുന്നത്. 
ഇക്കാലത്തിനിടയിൽ ഏതാണ്ട് 30ഓളം രാജ്യങ്ങളിൽ നിന്നുള്ള ഇരട്ടകളെ റിയാദിലെത്തിച്ച് വേർപ്പെടുത്തി. 48-ാമത്തെ ഇരട്ടകളായിരുന്നു ലിബിയയിൽ നിന്നെത്തിയ അഹമ്മദും മുഹമ്മദും. ഡോ. അബ്ദുല്ല അൽറബീഅ തന്നെയാണ് എല്ലാ ശസ്ത്രക്രിയകളിലും നേരിട്ട് നേതൃത്വം നൽകിയത്. കൂടുതലും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളെയാണ് വേർപെടുത്തിയിട്ടുള്ളത്. ഇപ്പോൾ വേർപ്പെടുത്തിയ കുട്ടികൾ ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് എത്താൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഡോക്ടർമാരും മാതാപിതാക്കളും. വേർപ്പെട്ട കുഞ്ഞുങ്ങളെ കണ്ട് സന്തോഷം കൊണ്ട് പൊട്ടിക്കരയുകയും ചുംബനം അർപ്പിക്കുകയും ചെചയ്യുന്ന പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

You might also like

Most Viewed