കൊച്ചിയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം ജൂലൈ 14ന്
സൗദി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ 14ന് പറന്നുയരും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2,720 തീര്‍ഥാടകരാണ് ഈ വര്‍ഷം നെടുന്പാശ്ശേരിയില്‍ നിന്ന് നിന്ന് യാത്രയാകുക. ലക്ഷദ്വീപില്‍ നിന്നുള്ള 342 ഹാജിമാരും ഇതില്‍ ഉള്‍പ്പെടും. ഹജ്ജ് ക്യാന്പ് ജൂലൈ 13ന് ഔദ്യോഗികമായി ആരംഭിക്കും. 14ന് ഉച്ചക്ക് രണ്ട് മണിക്കാണ് തീര്‍ഥാടകരുമായി ആദ്യ വിമാനം യാത്രയാകുന്നത്. ഈ വര്‍ഷം എയര്‍ ഇന്ത്യയാണ് നെടുന്പാശ്ശേരി നിന്നുള്ള ഹജ്ജ് സര്‍വീസ് നടത്തുക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ കരിപ്പൂരില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പുറപ്പെടും.
കഴിഞ്ഞ വര്‍ഷം ഹജ്ജ് ക്യാന്പ് ഒരുക്കിയ സിയാല്‍ ഏവിയേഷന്‍ അക്കാദമിയിലാണ് ഈ വര്‍ഷവും നെടുന്പാശ്ശേരിയില്‍ ക്യാന്പ് ഒരുക്കുന്നത്. ഹജ്ജ് ക്യാന്പിനായി മുന്‍ വര്‍ഷം നിര്‍മിച്ച ക്യാന്റീന്‍, ശുചിമുറി സൗകര്യങ്ങള്‍ അതേപടി തന്നെ ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്. താത്കാലികമായി ഒരുക്കേണ്ട മറ്റ് സൗകര്യങ്ങളെ കുറിച്ചും ഇതിനകം തന്നെ വ്യക്തമായ രൂപരേഖ തയ്യാറാക്കിയിരുന്നു. സിയാലിന്റെ പൂര്‍ണ സഹകരണത്തോടെയായിരിക്കും നെടുന്പാശ്ശേരി ഹജ്ജ് ക്യാന്പിന്റെ ഒരുക്കങ്ങള്‍ നടക്കുക. ഇതിനായി ഏവിയേഷന്‍ അക്കാദമി താത്കാലികമായി വിട്ടുനല്‍കുകയാണ് ചെയ്യുന്നത്.
നാല് ദിവസങ്ങളിലായി എട്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ വിമാനത്തിലും 340 പേര്‍ വീതമാണ് യാത്രയാകുക. ഓരോ ദിവസവും 680 തീര്‍ഥാടകര്‍ യാത്ര പുറപ്പെടാന്‍ ഹജ്ജ് ക്യാന്പിലെത്തും. ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ ഒന്ന് വരെയാണ് നെടുന്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്ക യാത്ര. നെടുന്പാശ്ശേരിയില്‍ നിന്ന് മദീനയിലെത്തുന്ന തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിന് ശേഷമായിരിക്കും ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തുക. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദ വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുക.

