സഹകരണവും ഐക്യവും പ്രഖ്യാപിച്ച് പ്രഥമ സൗദി -യു.എ.ഇ സഖ്യസമ്മേളനം

അബുദാബി : സൗദി ഇമറാത്തി ഏകോപന കൗൺസിലിന്റെ ആദ്യ സമ്മേളനം ജിദ്ദയിൽ നടന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സാന്പത്തിക രംഗം ഊർജ്ജിതപ്പെടുത്തുക, സൈനിക മേഖലയിൽ ശക്തമായ സഹകരണം തുടങ്ങി നിർണായകമായ മേഖലകളിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. സൗദി-ഇമറാത്തി ഏകോപന കൗൺസിലിന്റെ പ്രവർത്തനങ്ങൾ സമ്മേളനത്തിൽ വിശദമാക്കി.
സാന്പത്തികം, മനുഷ്യവിഭവശേഷി വികസനം, രാഷ്ട്രീയം, സുരക്ഷ, സൈനിക സഹകരണം തുടങ്ങിയ രംഗങ്ങളിൽ ലോകോത്തര നിലവാരം ആർജ്ജിക്കാനും ജനക്ഷേമവും സന്തോഷവും ഉറപ്പാക്കാനുമാണ് സമിതി ലക്ഷ്യമിടുന്നത്. പദ്ധതികൾ നടപ്പാക്കാൻ അഞ്ച് വർഷമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും സംരംഭം വഴിയൊരുക്കും. ഒരുവർഷത്തോളം വിവിധ വകുപ്പുകളിലെ 350 സർക്കാർ ഉദ്യോഗസ്ഥർ ചേർന്നു തയ്യാറാക്കിയതാണ് പദ്ധതികൾ. സംയുക്ത നിക്ഷേപത്തിന്റെ പുതിയ കാൽവെയ്പ്പ് ഭക്ഷ്യസുരക്ഷയ്ക്കായി തന്ത്രപ്രധാനമായ പദ്ധതി, മെഡിക്കൽ സ്റ്റോക്ക് സംബന്ധിച്ച് ഏകോപനം, സുരക്ഷാ സംവിധാനത്തിൽ പരസ്പര സഹകരണം, എണ്ണ–വാതക–പെട്രോകെമിക്കൽസ് രംഗത്ത് സംയുക്ത നിക്ഷേപം തുടങ്ങിയവയും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു. 500 കോടി മുതൽ മുടക്കി കാർഷിക നിക്ഷേപ കന്പനി ആരംഭിക്കും. കൂടാതെ പുനരുപയോഗ ഊർജ്ജം, ഇടത്തരം, ചെറുകിട സംരംഭങ്ങൾ എന്നിവയ്ക്കായി നിക്ഷേപമുണ്ടാകും. തുറമുഖങ്ങളിലേക്കുള്ള ഗതാഗതം, ഏകീകൃത ഡേറ്റാബേസ്, ഇരുരാജ്യങ്ങളിലെയും ബാങ്കിംഗ് മേഖലയെ ശക്തപ്പെടുത്തൽ, സാന്പത്തിക, നിയമ നടപടികളുടെ ഏകീകരണം, വിദേശ നിക്ഷേപം സംബന്ധിച്ച് സംയുക്ത സമിതി തുടങ്ങിയവയും പദ്ധതികളിൽ ഉൾപ്പെടുന്നു. സുരക്ഷ, സൈനിക സഹകരണം, ഏകോപനം, വിദേശ സൈനിക സഹായം, പ്രതിരോധ വ്യവസായ മേഖലയുടെ നിലവാരം ഉയർത്തൽ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും.
സഹകരണത്തിന്റെ അറബ് മാതൃക സൃഷ്ടിക്കാനുള്ള ചരിത്രപരമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഐക്യത്തിനും താൽപ്പര്യങ്ങൾ സംരംക്ഷിക്കുന്നതിനും ഉപകരിക്കുന്നതാണ് നീക്കം. മികച്ച ഭാവിയുടെ സൃഷ്ടിക്കായി സാന്പത്തിക രംഗത്തെ ശക്തിപ്പെടുത്താൻ നടപടികൾ സഹായിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അറബ് മേഖലയിൽ സാന്പത്തിക രംഗത്തെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങളാണ് യു.എ.ഇയും സൗദി അറേബ്യയും. ഇരുരാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉൽപ്പാദനം ഒരുമിച്ചു വെച്ചാൽ ഒരു ലക്ഷം കോടി ഡോളറാണ്. ഇരുരാജ്യങ്ങളുടെയും സംയുക്ത കയറ്റുമതി രാജ്യാന്തര തലത്തിൽ നാലാം സ്ഥലത്താണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ സ്രോതസ്സുകൾ പരമാവധി ഉപയോഗിച്ച് മികച്ചതും സംയോജിതവുമായ വിദ്യാഭ്യാസ സംവിധാനം ആവിഷ്കരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തനൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൻ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, സൗദി യു.എ.ഇ. സ്ഥാനപതി ഷെയ്ഖ് ശൈഖബൗത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവർ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു.
സൗദി ആഭ്യന്തരമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്, സാന്പത്തിക ആസൂത്രണ വകുപ്പ് മന്ത്രി മുഹമ്മദ് അൽ തുവൈജ്രി, വ്യവസായ നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ ഖുബൈസി, യു.എ.ഇ ധനമന്ത്രി സുൽത്താൻ ബിൻ സായിദ് അൽ മൻസൂരി, വിദേശകാര്യ മന്ത്രി അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, സാന്പത്തികകാര്യ മന്ത്രി ഒബൈദ് ബിൻ ഹുമൈദ് അൽ തയാർ എന്നിവരടങ്ങുന്ന 16 അംഗ കൗൺസിലാണ് നിലവിലുള്ളത്. 2016 മെയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും തമ്മിൽ ധാരണയിലെത്തുന്നത്.