മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് നടപ്പാക്കിയത് 180 കോടി ദിർഹത്തിന്റെ പദ്ധതി

ദുബൈ : മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് (എം.ബി.ആർ.ജി.ഐ) 2017-ൽ 180 കോടി ദിർഹത്തിന്റെ പദ്ധതികൾ നടപ്പാക്കിയതായി റിപ്പോർട്ട്. 68 രാജ്യങ്ങളിലെ 6.9 കോടി ജനങ്ങൾക്കാണ് പദ്ധതികളുടെ ആനുകൂല്യം ലഭിച്ചത്. ഇന്നലെ ദുബൈ ഓപെറയിൽ പുറത്തിറക്കിയ എം.ബി.ആർ.ജി.ഐ അവലോകന റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് അവതരണ പരിപാടിയിൽ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ പങ്കെടുത്തു.
150 കോടി ദിർഹമായിരുന്നു 2016-ലെ പദ്ധതിച്ചിലവ്. ഇതിനേക്കാൾ 30 കോടി ദിർഹം കൂടുതൽ 2017-ൽ എം.ബി.ആർ.ജി.ഐ പദ്ധതികൾക്കായി ചിലവഴിച്ചു. 2017-ൽ ജീവകാരുണ്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ആരോഗ്യപരിചരണം, രോഗനിയന്ത്രണം, സംരംഭത്വ പ്രവർത്തനങ്ങൾ സാമൂഹിക ശാക്തീകരണം തുടങ്ങിയവയ്ക്കായാണ് തുക വകയിരുത്തിയത്. വിദ്യാഭ്യാസവും അറിവും പ്രചരിപ്പിക്കുന്നതിന് 6.34 കോടി വകയിരുത്തി. സംരംഭത്വ പ്രവർത്തനങ്ങൾക്ക് 3.96 കോടിയും സാമൂഹിക ശാക്തീകരണത്തിന് 1.29 കോടിയും നീക്കിവെച്ചു.
ജനങ്ങളെ സഹായിക്കുന്നതിന് ജീവിതം സമർപ്പിച്ച തന്റെ ജീവകാരുണ്യപ്രവർത്തന സംഘത്തിലെ 500-ലധികം ജീവനക്കാരിലും 90,000-ത്തിലധികം സന്നദ്ധപ്രവർത്തകരിലും അഭിമാനിക്കുന്നായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ജനങ്ങളുടെ ജീവിതത്തിലും സമൂഹങ്ങളിലും ഗുണപരമായ മാറ്റമുണ്ടാക്കാൻ നിരവധി സംരംഭങ്ങളും പദ്ധതികളും നടപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.