ദമാം ഇന്ത്യൻ സ്‌കൂൾ ഫീസ് വർ­ദ്ധന : ശക്തമാ­യ പ്രതി­ഷേ­ധവു­മാ­യി­ രക്ഷി­താ­ക്കൾ


ദമാം : ദമാം ഇന്ത്യൻ സ്‌കൂളിലെ ഫീസ് വർദ്ധനവിൽ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്‌കൂൾ അധികൃതർ പുറത്തിറക്കിയ സർക്കുലർ കൈപ്പറ്റിയതോടെ രക്ഷിതാക്കൾ ഞെട്ടിയിരിക്കുകയാണ്. സ്വദേശിവൽക്കരണവും ബിസിനസ് രംഗത്തെ സാന്പത്തിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു തുടങ്ങിയതോടെ ഒരുതിരിച്ചുപോക്കിന് ചിന്തിച്ചു തുടങ്ങിയ പ്രവാസി സമൂഹത്തിനാണ് ഓർക്കാപ്പുറത്തെ ആഘാതം.  

കുടുംബങ്ങളുടെ ലെവിയും തൊഴിലാളികളുടെ ലെവിയുടെ വർദ്ധനവും കൂടി വന്നതോടെ ഈ വരും നാളുകളിൽ തിരിച്ചു പോക്ക് നിർബന്ധമായ സാഹചര്യത്തിൽ ഇന്ത്യൻ സ്‌കൂൾ ഫീസ് വർദ്ധനവ് സാധാരണ കുടുംബങ്ങളുടെ എല്ലാ കണക്കു കൂട്ടലുകളും അസ്ഥാനത്താക്കി. കഴിഞ്ഞ നിതാഖത്തിനു ശേഷം ആശ്രിത വിസയിൽ രാജ്യത്തെ വിവിധ ഇന്റർനാഷണൽ സ്‌കൂളുകളിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകുന്ന അജീർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ആശ്രിത ലെവി കൂടാതെ വർഷത്തിൽ 9600 റിയാൽ അടക്കണമെന്ന ഉത്തരവ് പുറത്തിറങ്ങിയതാണ് ഫീസ് വർദ്ധിപ്പിക്കാൻ സ്‌കൂൾ അധികൃതരെ പ്രേരിപ്പിച്ചത്. 

ഇത് സംബന്ധിച്ച് ദമാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി യോഗം ചേർന്ന് തീരുമാനത്തിലെത്താതെ സൗദിയിലെ ഇന്ത്യൻ സ്‌കൂൾ ഉന്നതാധികാര സമിതിയായ ഹയർ ബോർഡിൽ തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു. തുടർന്ന് ഒരാഴ്ച മുന്പ് ഹയർ ബോർഡ് യോഗം ചേർന്ന് ഇക്കാര്യത്തെ കുറിച്ച് പഠനം നടത്തുന്നതിനും തീരുമാനത്തിലെത്തുന്നതിനും ഒരു സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. 

എന്നാൽ ഹയർ ബോർഡ് യോഗം ചേരുകയോ സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പൂർണമാവുകയോ ചെയ്യുന്നതിന് മുന്പ് തന്നെ ദമാം ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നു എന്ന സർക്കുലർ വന്നതോടെ ദമാം ഇന്ത്യൻ സ്‌കൂൾ ഭരണസമിതി ഓവർ സ്മാർട്ട് കളിക്കുകയാണെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. ആശ്രിത വിസയിൽ അജീർ പദ്ധതി പ്രകാരം 700ൽ കൂടുതൽഅധ്യാപകർ ദമാം ഇന്ത്യൻ സ്‌കൂളിൽ ജോലി ചെയ്യുന്നുണ്ട്. 

അധ്യാപകരിൽ നിന്നും ഈടാക്കുകയെന്നത് പ്രായോഗികമല്ല. ഇവർ വളരെ തുച്ഛമായ ശന്പളത്തിൽ ജോലി ചെയ്യുന്നവരുമാണ്. അജീർ പദ്ധതി പ്രകാരം ഇവരുടെ ലെവി സ്‌കൂൾ ഏറ്റെടുക്കണമെങ്കിൽ ഭീമമായ തുക നൽകേണ്ടി വരും. ഈ സാഹചര്യം വളരെ ലാഘവത്തോടെ ഭരണസമിതി കാണുന്നു എന്നും രക്ഷിതാക്കൾ പറയുന്നു. ചെലവ് ചുരുക്കി കൂടുതൽ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിന് മാനേജ് മെന്റ് ശ്രമിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

You might also like

  • Straight Forward

Most Viewed