ദേശീയ ദിനാഘോഷം : സൗദി ഭരണകാര്യാലയം സന്ദർശകർക്ക് തുറന്നു കൊടുക്കും

റിയാദ് : ദേശീയ ദിനത്തിന്റെ ഭാഗമായി മൂന്ന് ദിവസം സൗദി ഭരണകാര്യാലയം സന്ദർശകർക്ക് തുറന്നുകൊടുക്കും. റിയാദ് ഡെവലപ്‌മെന്റ് ഉന്നതാധികാര സമിതിയാണ് സന്ദർശകർക്കായി ഭരണകാര്യാലയം തുറന്നു കൊടുക്കുവാൻ തീരുമാനിച്ചത്. മൂന്നുദിവസങ്ങളിലും സന്ദർശകർ ക്ക് രാജ്യത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ഭരണ പാലസിന്റെ ഉള്ളറകളും മറ്റും സന്ദർശിക്കുവാനും വീക്ഷിക്കുവാനും അവസരമുണ്ടാകും.
റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ രാജകുമാരന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയദിന ചടങ്ങുകൾഭരണ കാര്യാലയത്തിൽ വെച്ച് റിയാദിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തപ്പെടും. ആധുനിക സൗദിയുടെ പിതാവ് അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ ഇന്നു വരെയുള്ള ഭരണണാധികാരികളുടെ കീഴിൽ രാജ്യം നേടിയ ഉയർച്ചയും വളർച്ചയും വരച്ചുകാട്ടുന്ന പവലിയൻ ദേശീയ ദിന ആഘോഷപരിപാടികളുടെ ഭാഗമായി പ്രദർശിപ്പിക്കപ്പെടും.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും ദേശീയദിനത്തോടനുബന്ധിച്ച് റിയാദിലെ ഭരണകാര്യാലയം സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നു. ഇരുപതിനായിരത്തോളം സന്ദർശകരാണ് അന്ന് എത്തിയത്.