ഖത്തറിൽ 500 ജീവനക്കാരുള്ള കന്പനിയിൽ ഇനി മെഡിക്കൽ ക്ലിനിക്ക് നിർബന്ധം

ദോഹ : ഖത്തറിൽ പുതിയ തൊഴിൽ നിയമങ്ങളുടെ ഭാഗമായി തൊഴിലിടങ്ങളിൽ ശുചിത്വവും വായുസഞ്ചാരവും ഉറപ്പ് വരുത്താനാവശ്യമായ നടപടികൾ എടുത്തിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ജോലി സ്ഥലത്ത് ആവശ്യമായ കുടിവെള്ളവും മലിനജല നിർമ്മാർജ്ജന സംവിധാനവും ഉറപ്പ് വരുത്തണം.
അഞ്ചിനും 25നുമിടയിൽ ജോലിക്കാരുള്ള കന്പനിയിൽ ആരോഗ്യ അധികൃതരുടെ നിർദ്ദേശപ്രകാരമുളള മരുന്നും ഉപകരണങ്ങളുമടങ്ങിയ ഫസ്റ്റ് എയ്ഡ് ബോക്‌സും ഉണ്ടായിരിക്കണം. എല്ലാവർക്കും ലഭിക്കാൻ സൗകര്യമുള്ള പ്രധാനപ്പെട്ട സ്ഥലത്തായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്. പ്രാഥമിക വൈദ്യസഹായം നൽകാൻ പരിശീലനം സിദ്ധിച്ച ഒരു ജോലിക്കാരനെയും നിയോഗിക്കണം. ജീവനക്കാരുടെ എണ്ണം 25 കവിഞ്ഞാൽ ഓരോ 25 ജീവനക്കാർക്കും ഒരു ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്ന കണക്കിൽ ഉണ്ടാകണം.
നൂറ് ജീവനക്കാരുള്ള കന്പനിയിൽ ഒരു നഴ്‌സ് ഉണ്ടായിരിക്കണം. ജോലിക്കാരുടെ എണ്ണം അഞ്ഞൂറിന് മുകളിലായാൽ കന്പനി ചുരുങ്ങിയത് ഒരു ഡോക്ടറും ഒരു നഴ്‌സുമുള്ള ഒരു ക്ലിനിക് സ്ഥാപിക്കണം. ജോലി സംബന്ധമായ പരിക്കുകളും രോഗങ്ങളും ഉണ്ടാവാൻ സാധ്യതയുളള ജോലിക്കാർക്ക് ഇടയ്ക്കിടെ വൈദ്യ പരിശോധന നടത്തണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.