കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് വിലക്ക്:

ദോഹ: ഖത്തറിൽ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഉപപ്രധാനമന്ത്രി അഹമ്മദ് ബിൻ അബ്ദുല്ല അൽ മഹ്മൂദ് അജണ്ട അവതരിപ്പിച്ചു.
കുടുംബങ്ങൾ താമസിക്കുന്ന ഭാഗങ്ങളിൽ വാടകയ്‌ക്കോ പാട്ടത്തിനോ അല്ലാതെയോ തൊഴിലാളികളെ താമസിപ്പിക്കില്ല. എന്നാൽ, മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രിക്ക് ചില മേഖലകളെയും ചില വിഭാഗങ്ങളെയും നിയമം നടപ്പാക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരവും പുതിയ നിയമത്തിൽ അനുശാസിക്കുന്നുണ്ട്.
പുതിയ നിയമമനുസരിച്ച് നഗരസഭകളിലെ രജിസ്‌ട്രേഷൻ ഓഫീസുകളിൽ രജിസ്റ്റർചെയ്യാത്ത സ്ഥലങ്ങളിലേക്ക് പൊതുസേവനങ്ങൾ നൽകുന്നതിൽ നിന്ന് ബന്ധപ്പെട്ട വകുപ്പുകൾ മാറി നിൽക്കേണ്ടതാണ്. അതേസമയം വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേകസമിതി രൂപവൽക്കരിക്കാനുള്ള കരട് നിയമത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.