ഐഡി കാലാവധി കഴിഞ്ഞ പ്രവാസികൾക്കും ബാങ്ക് ഇടപാടുകൾ നടത്താമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്

ദോഹ : ഖത്തർ തിരിച്ചറിയൽ കാർഡിന്റെ കാലാവധി തീർന്നാലും മൂന്നുമാസത്തേക്ക് അതേ ഐഡി ഉപയോഗിച്ച് ഖത്തറിലെ പണമിടപാടു സ്ഥാപനങ്ങളിൽ നിന്നു നാട്ടിലേക്ക് പണമയയ്‌ക്കാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്(ക്യുസിബി) വ്യക്തമാക്കി. പ്രവാസികളുടെ ഖത്തറിലെ താമസാനുമതി രേഖയും തിരിച്ചറിയൽ രേഖയുമാണ് ഖത്തർ റസിഡൻസി പെർമിറ്റ് എന്ന ഖത്തർ ഐഡി. കാലാവധി കഴിഞ്ഞ ഐഡി ഉപയോഗിച്ച് നാട്ടിലേക്ക് പണമയയ്‌ക്കാൻ ഇതുവരെ അനുമതിയുണ്ടായിരുന്നില്ല.
പുതിയ നയം പ്രത്യേക കുറിപ്പിലൂടെയാണ് ക്യു.സി.ബി ധനകാര്യ സ്ഥാപനങ്ങളേയും ഇടപാടുകാരേയും അറിയിച്ചത്. ഇത് ഖത്തറിലെ എല്ലാ ബാങ്കുകൾക്കും സെൻട്രൽ ബാങ്കിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന മറ്റുധനകാര്യസ്ഥാപനങ്ങൾക്കും ഒരേപോലെ ബാധകമാണെന്ന് ക്യുസിബി വ്യക്തമാക്കി.
പ്രവാസി തൊഴിലാളികൾക്ക് പണമിടപാടുകൾ പരമാവധി സുഗമവും സുതാര്യവുമാക്കാൻ പുതിയ നയം സഹായകമാവുമെന്നും അതേസമയം തന്നെ ഇത് മണിഎക്‌സ്‌ചേഞ്ച്, മണിട്രാൻസ്‌ഫർ സ്ഥാപനങ്ങൾക്കും കാര്യങ്ങൾ സുഗമമാക്കുമെന്നും ക്യു.സി.ബി പറയുന്നു.