ദുബൈ ഗ്ലോബൽ വില്ലേജ് നാളെ തുറക്കുന്നു

ദുബൈ : ഇരുപത്തിരണ്ടാമത് ദുബൈ ഗ്ലോബൽ വില്ലേജ് ആഘോഷമേളയ്ക്കു നാളെ തുടക്കമാകുന്നു. ഇന്ത്യയുൾപ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങൾ ഇത്തവണ ഗ്ലോബൽ വില്ലേജിൽ പങ്കാളികളാകും. 158 ദിവസം ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. ബോസ്നിയയാണ് ഇത്തവണത്തെ പുതുമുഖം. ചെറിയൊരു ഇടവേളയ്ക്കുശേഷം നേപ്പാളും ശ്രീലങ്കയും ബംഗ്ലദേശും കാഴ്ചകളുടെ ചെപ്പു തുറക്കാനെത്തുന്നു. കൂടാതെ ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷന്റെ കീഴിലുള്ള ഖലീഫ ഫൗണ്ടേഷൻ പവിലിയനുമുണ്ടാകും. അറേബ്യൻ പൈതൃക കാഴ്ചകളാണ് ഇവിടെയുണ്ടാകുക.
പതിവുപോലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുകയാണ് ഇന്ത്യാ പവിലിയൻ. കേരളം മുതൽ കശ്മീർവരെയുള്ള കാഴ്ചകളാണ് ഇവിടെ സംഗമിക്കുന്നത്. സന്ദർശകർക്കു കൈനിറയെ സമ്മാനങ്ങളും നേടാം. ലോകത്തിലെ ഏതുൽപ്പന്നം വാങ്ങാനും രുചിവൈവിധ്യങ്ങൾ നുകരാനും കലാസൗന്ദര്യം ആസ്വദിക്കാനും ഗ്ലോബൽ വില്ലേജ് അവസരമൊരുക്കുമെന്നു സി.ഇ.ഒ ബദർ അൻവാഹി, ഓപ്പറേഷൻസ് ഡയറക്ടർ അഹമ്മദ് അൽ മർറി എന്നിവർ പറഞ്ഞു.
ലോകസഞ്ചാരം എന്ന വേറിട്ട അനുഭവമാണു ലഭ്യമാകുക. ലോകപ്രശസ്ത കലാകാരന്മാർ, സാഹസിക വിനോദമൊരുക്കുന്നവർ, സർക്കസുകാർ, പാചക− കരകൗശല വിദഗ്ദ്ധർ, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവർ സന്ദർശകരെ കാത്തിരിക്കുന്നു. വിസ്മയത്തിന്റെഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന റൈഡുകളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
18,300 വാഹനങ്ങൾക്കു പാർക്കിംങ്ങിനു സൗകര്യമുണ്ട്. 300 വാഹനങ്ങൾകൂടി പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കുകയായിരുന്നു. പാർക്കിംങ്ങിലും സമീപമേഖലകളിലും പതിനായിരത്തിലേറെ മരങ്ങൾ നട്ടു തണലൊരുക്കി.പുതിയ രണ്ടു റൂട്ടുകൾ ഉൾപ്പെടെ നാലു ബസ് റൂട്ടുകൾ ഗ്ലോബൽ വില്ലേജിലേക്കുണ്ട്. റാഷിദിയ മെട്രോ േസ്റ്റഷനിൽനിന്നു 102, മാൾ ഓഫ് എമിറേറ്റ്സിൽനിന്നു 106 എന്നിവയാണു പുതിയ റൂട്ടുകൾ. ഗ്ലോബൽ വില്ലേജിനുള്ളിൽ കൂടുതൽ ഹരിതമേഖലകൾ. സാംസ്കാരിക വേദിയിൽ ദൃശ്യ−ശ്രവ്യ മികവിനു കൂടുതൽ സംവിധാനങ്ങൾ.