ഭക്ഷ്യനിയന്ത്രണ നിയമ ഭേദഗതിക്ക് ഖത്തർ അമീറിന്റെ അംഗീകാരം

ദോഹ : ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 1990ലെ എട്ടാം നന്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്‌തു മന്ത്രിസഭ കൊണ്ടുവന്ന ഭക്ഷ്യനിയന്ത്രണ നിയമത്തിന് അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി.
2017ലെ 20−ാം നന്പർ നിയമം ആയാണ് ഇത് അറിയപ്പെടുക. ഗുരുതരമായ നിയമലംഘനം നടത്തുന്ന ഭക്ഷ്യശാലകൾ സ്ഥിരമായി അടച്ചുപൂട്ടുന്നതിനു വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി. അടച്ചുപൂട്ടുന്ന സ്ഥാപനത്തിന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി രണ്ടു പ്രാദേശിക പത്രങ്ങളിൽ അധികൃതർ പരസ്യം നൽകും. ഒപ്പം ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ വെബ്‌സൈറ്റിലും ഇതു സംബന്ധിച്ച അറിയിപ്പ് നൽകും.
ഇതിനു പുറമേ സ്ഥാപനം അടച്ചുപൂട്ടിയ അറിയിപ്പ് പൊതുജനശ്രദ്ധയിൽപെടും വിധത്തിൽ സ്ഥാപനത്തിലും പതിക്കും. അടച്ചുപൂട്ടുന്നതിന്റെ ഭാഗമായിവരുന്ന ഈ ചെലവുകൾ നിയമലംഘനം നടത്തുന്നവരിൽ നിന്നീടാക്കാൻ പുതിയ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന മുറയ്‌ക്ക് നിയമം പ്രാബല്യത്തിലാകും.