ഹമദ് തുറമുഖം ഇന്ന് മുതൽ പൂർണ്ണമായും പ്രവർത്തന സജ്ജം

ദോഹ : ഹമദ് തുറമുഖത്തെ ടെർമിനലുകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. ഖത്തർ നാവികമേഖലയിലെ ചരിത്രനേട്ടങ്ങളിലൊന്നായാണ് മിസഈദിലെ ഉമ്മുൽ ഹൂലുലിൽ സ്ഥിതിചെയ്യുന്ന ഹമദ് തുറമുഖത്തെ നോക്കി കാണുന്നത്. ഹമദ് തുറമുഖം പൂർണ്‍ണാർത്‍ഥത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ, രാജ്യത്ത് ചരക്കുനീക്കം നടക്കുന്ന ഏക തുറമുഖമായി മാറും. ഇതോടെ, ദോഹ തുറമുഖത്ത് വാണിജ്യക്കപ്പലുകൾ അടുക്കുന്നതും ചരക്കിറക്കുന്നതും നിർത്തലാക്കിയിട്ടുണ്ട്.
2014 ഡിസംബർ മാസം മുതൽ ഹമദ് തുറമുഖം ഭാഗികമായി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. 2015 ജൂലൈ കാറുകളും നാൽകാലികളുമായി ആദ്യത്തെ വാണിജ്യക്കപ്പൽ നങ്കൂരമിട്ടു. കഴിഞ്ഞ നവംബർ 23 മുതൽ സജീവമായ രീതിയിൽ ചരക്കിറക്കൽ ആരംഭിച്ചു. 2020−ഓടെ തുറമുഖത്തിന്റെ നിർദ്‍ദിഷ്ട വികസനപദ്ധതികൾകൂടി പൂർത്തിയാക്കും. ഇതോടെ, 20 ചതുരശ്ര കിലോമീറ്റർ മേഖലയിലേയ്ക്ക് വിപുലമാക്കപ്പെടുന്ന തുറമുഖത്ത് വർഷം 70 ലക്ഷം ടൺ കൈകാര്യം ചെയ്യാനാകും.
രാജ്യത്ത് വൻകിട കപ്പലുകൾ അടുക്കാൻ സൗകര്യമുള്ള ഏകതുറമുഖം കൂടിയാണ് ഹമദ് തുറമുഖം. അധികം വൈകാതെ ഇത്തരത്തിലുള്ള കപ്പലുകളിലൊന്ന് ചരക്കുമായി തുറമുഖത്ത് നങ്കൂരമിടും.