എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് റിപ്പോർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് റിപ്പോർട്ട്. നിലവില്‍ എച്ച് ഐ വി അണുബാധിതരായി കേരളത്തിലുള്ളത് 29,221 പേരാണ്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ വരെ 1199 പേര്‍ക്ക് എച്ച് ഐ വി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 763 പുരുഷന്മാരും 463 സ്ത്രീകളുമാണ് 2,06,951 പുരുഷന്മാരും 2,95,426 സ്ത്രീകളും ഉള്‍പ്പെടെ 50,2377 പേരാണ് ഈ വര്‍ഷം എച്ച് ഐ വി പരിശോധനക്ക് വിധേയരായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരുടെ ഇടയില്‍ എച്ച് ഐ വി അണുബാധ .12 ശതമാനമാണ്. 2015ലെ കണക്കനുസരിച്ച് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള എ ആര്‍ ടി ചികിത്സാ കേന്ദ്രമായ ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 20,954 പേരാണ്. ഇതില്‍ 15,071 പേര്‍ക്ക് എ ആര്‍ ടി ചികിത്സ ആരംഭിച്ചുകഴിഞ്ഞു.നിലവില്‍ എ ആര്‍ ടി ചികിത്സയിലുള്ളത് 11,236 പേരാണ്. എച്ച് ഐ വി അണുബാധിതരായ 4,673 പേരാണ് കേരളത്തില്‍ ഇതുവരെ മരണമടഞ്ഞത്.
സംസ്ഥാനത്ത് പുതിയ എച്ച് ഐ വി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒരു മാസം ശരാശരി 100 പുതിയ എച്ച് ഐ വി ബാധിതര്‍ ഉണ്ടാകുന്നു എന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ഡി എം ഒ ഇന്‍ചാര്‍ജ് ഡോ. ജോസ് ജി ഡിക്രൂസ് പറയുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എച്ച് ഐ വി അണുബാധിതരുള്ളത്. 5649 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഏറ്റവും കുറച്ച് അണുബാധിതരുള്ളത് വയനാട് ജില്ലയിലാണ്. 266 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊല്ലം- 1,075, പത്തനംതിട്ട-683, ആലപ്പുഴ-1,269, എറണാകുളം-1,934, തൃശൂര്‍-4,843,കോട്ടയം-2,484, ഇടുക്കി-431, പാലക്കടട്-2,580, മലപ്പുറം-567, കോഴിക്കോട്-4,423, കണ്ണൂര്‍-1,641, കാസര്‍ഗോഡ്-1376 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ എച്ച് ഐ വി ബാധിതരുടെ എണ്ണം.
ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2015ലെ കണക്കനുസരിച്ച് രാജ്യത്ത് 21.17 ലക്ഷം എച്ച് ഐ വി അണുബാധിതരുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed