ജി.സി.സിയിലെ തൊഴിലാളികളിൽ 43% അസംതൃപ്തരെന്ന് സർവ്വേ റിപ്പോർട്ട്

ദോഹ: ജി.സി.സിയിലെ തൊഴിലാളികളിൽ 43% പേരും നിലവിലുള്ള ജോലിയിൽ അസംതൃപ്തരെന്ന് സർവ്വെ റിപ്പോർട്ട്. തൊഴിലാളികളുടെ അസംതൃപ്തി ഉൽപാദനക്ഷമത ഗണ്യമായി കുറയ്‌ക്കുന്നതായും റിപ്പോർട്ടിലുണ്ട്. റിക്രൂട്ടിംങ് ഏജൻസികളുടെ പൊതുവേദിയായ ബ്ലൂവോ ഡോട്‌കോം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
അനുയോജ്യമായ ജോലിയല്ല ലഭിച്ചതെന്ന തോന്നലാണ് തൊഴിലാളികളുടെ അസംതൃപ്‌തിക്കു മുഖ്യകാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ജോലിയിൽ തൃപ്‌തരല്ലാത്ത തൊഴിലാളികൾ ദീർഘകാലം തുടരില്ല. ഉൽപാദനക്ഷമത കുറയുന്നതിനു പുറമേ പുതിയ തൊഴിലാളികളെ റിക്രൂട് ചെയ്യേണ്ടിവരുന്നതിനാൽ ചെലവേറുന്നതും തൊഴിലുടമകൾക്ക് പ്രശ്‌നമാണെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
അതേസമയം കുറഞ്ഞ ശന്പളമാണ് 33.8% പേരുടെയും അസംതൃപ്‌തിക്കു കാരണം. താൻ ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല എന്ന തോന്നൽ ആളുകളെ മടിയരാക്കും.
എന്നാൽ ഇതിലധികമായിതൊഴിലുടമകൾ ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടിയുണ്ടെന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ ഖമിസ് പറയുന്നു. തങ്ങളേക്കാൾമോശമെന്നു കരുതുന്നവർക്ക് കന്പനി കൂടുതൽ ശന്പളം നൽകുന്നുവെന്ന തോന്നൽ തൊഴിലാളികളിൽ സൃഷ്ടിക്കപ്പെടുന്നതാണിത്. ഈ തോന്നലുള്ള തൊഴിലാളികളിൽ കന്പനിയോട് ആത്മാർഥത നഷ്ടപ്പെടുകയും അനുദിനം അസംതൃപ്‌തിവളരുകയുംചെയ്യുമെന്ന് ഖമിസ് തൊഴിലുടമകളെ ഓർമിപ്പിക്കുന്നു.
സ്ഥാപനത്തിന്റെ സംഘടനാപരമായ ചട്ടക്കൂട് മോശമാണെന്ന തോന്നലാണ് 8.5 % തൊഴിലാളികളെ അതൃപ്‌തരാക്കുന്നത്. കന്പനിയുടെ അവസ്ഥ മോശമാണെന്നു തോന്നിയാൽ തൊഴിലാളികൾ വിട്ടുപോകാനേ ശ്രമിക്കൂ.
തൊഴിലാളികളോടുള്ള സ്ഥാപനത്തിന്റെ സമീപനവും പ്രശ്‌നമാണ്. തൊഴിലാളികളെ പ്രചോദിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പല കന്പനി മേധാവികളും മാനേജ്‌മെന്റുകളും വേണ്ടത്ര ബോധവാന്മാരല്ലെന്ന് സർവ്വേ വ്യക്തമാക്കുന്നുണ്ട്. അതേസമയം സർവ്വേയിൽ പങ്കെടുത്ത കുറച്ച് പേർ പറഞ്ഞത് തങ്ങളിൽ കന്പനിക്ക് തൃപ്‌തിയുണ്ട് എന്നതിന്റെ സൂചകമാണ് തങ്ങൾക്ക് ലഭിക്കുന്ന മികച്ച ശന്പളം എന്നാണ്.