സൗ­ദി­യിൽ സ്ത്രീ­കൾക്കായി മൊ­ബൈൽ വി­ൽ­പ്പന കേ­ന്ദ്രം വരു­ന്നു­


റിയാദ്: രാജ്യത്ത് സ്ത്രീകൾക്ക് മാത്രമായി മൊബൈൽ കടകൾ വരുന്നു. ഇവിടെ സ്ത്രീകളുടെ നേതൃത്വത്തിൽ മൊബൈൽ വിൽപ്പനയും അറ്റകുറ്റപ്പണികളും അടക്കമുള്ള സേവനങ്ങൾ ലക്ഷ്യമാകും. റിയാദിലെ ഗൊർനാത്തയിലാണ് ഇത്തരത്തിലുളള ആദ്യ സംരംഭം പ്രവർത്തനം തുടങ്ങുക. 

ഇതിനായി നിക്ഷേപകരുടെ സംഘം മുന്നോട്ടു വന്നിട്ടുണ്ടെന്നും അധികം വൈകാതെ വ്യാപാര കേന്ദ്രം തുറക്കുമെന്നും തൊഴിൽ‍, സാമൂഹിക മന്ത്രാലയം അധികൃതർ അറിയിച്ചു. 40ലധികം മൊബൈൽ കടകൾ ഇവിടെയുണ്ടാകും. ഈ സ്ഥാപനങ്ങളിൽ‍ ജോലിക്കാരായി പരിശീലനം നേടിയ സ്വദേശി വനിതകളുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. നിർമ്മാണ ജോലികൾ തകൃതിയായി നടക്കുകയാണ്. 

ഈ വർഷം സപ്തംബറോടെ മൊബൈൽ കടകളിൽ മുഴുവൻ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് തൊഴിൽ വകുപ്പിന്റെ കർശന നിർദ്ദേശം. നിലവിൽ 50 ശതമാനം ജീവനക്കാർ സൗദികളായിക്കഴിഞ്ഞു. ഈ നിയമം പാലിക്കാത്തവരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന നടന്നു വരികയാണ്. സൗദി യുവതി, യുവാക്കൾക്ക് ജോലി ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. സ്വന്തമായി മൊബൈൽ കടകൾ തുടങ്ങുന്നതിന് സ്വദേശി യുവതികൾ ക്ക് സഹായവുമായി നിരവധി നിക്ഷേപകർ തയ്യാറായിട്ടുണ്ട്. 

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടി സൗദി സ്ത്രീകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ കടകൾ വരുന്നതിന്റെ തുടക്കമാണിതെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സ്ഥാപനം തുടങ്ങുന്നവർക്ക് രണ്ട് ലക്ഷം വരെ വായ്പ നൽകാൻ തയ്യാറായി സൗദി ക്രഡിറ്റ് ആൻഡ് സേവിങ്‌സ് ബാങ്ക് രംഗത്തുണ്ട്. ഒരു വർഷം കഴിഞ്ഞ് തിരിച്ചടച്ചാൽ മതി. അറ്റകുറ്റപ്പണിക്കാവശ്യമായ ഉപകരണങ്ങൾക്കും വായ്പനൽകുന്നുണ്ട്. 200ലധികം വായ്പ അപേക്ഷകൾ ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed