സലാലയിൽ പുതിയ വാട്ടർ തീം പാർക്ക് തുറന്നു

ഖരീഫ് സീസണിൽ വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന സലാലയിൽ പുതിയ ആകർഷണമായി പുത്തൻ വാട്ടർ തീം പാർക്ക് തുറന്നു. സലാല ഇത്തിനിലെ അല്‍ മുറൂജ് ആംഫി തിയറ്ററിന് സമീപമാണ് അൽ നസീം വാട്ടര്‍ പാര്‍ക്ക് ഉദ്‌ഘാടനം ചെയ്തത്. ആകെ 40,000 സ്ക്വയർ മീറ്റർ വീസ്തീർണത്തിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളായാണ് പാർക്ക് നിർമാണം നടക്കുന്നത്. ആദ്യ ഘട്ടത്തിന്‍റെ ഭാഗമായാണ് എല്ലാ സൗകര്യങ്ങളോടെയും സംയോജിത വാട്ടർ പാർക്ക് നിർമിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ മൃഗശാല നിർമാണമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചെറിയ മൃഗശാലയിൽ വിവിധയിനം ജന്തുജാലങ്ങളെ പരിചയപ്പെടുന്ന സംവിധാനമാണ് ഒരുങ്ങുക. കുട്ടികൾക്കും കുടുംബങ്ങൾക്കും മികച്ച വിനോദ കേന്ദ്രമാക്കി പാർക്കിനെ വികസിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
മൂന്നാം ഘട്ടത്തിൽ വിനോദ ഗെയിമുകൾക്ക് മാത്രമായുള്ള പാർക്കാണ് ഒരുങ്ങുക. വ്യത്യസ്ത പ്രായക്കാരെ ആകർഷിക്കുന്നതരത്തിലാണ് പാർക്കിന്‍റെ രൂപകൽപന. ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി, ദോഫാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഡോ. അഹമ്മദ് ബിന്‍ മുഹ്സിന്‍ അല്‍ ഗസ്സാനി എന്നിവര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. പാര്‍ക്ക് എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവര്‍ത്തിക്കുക. പാർക്കുകളുടെ നിർമാണത്തിലും കൈകാര്യം ചെയ്യുന്നതിലും വിദഗ്ധരായ അൽ നസീം ഗ്രൂപ് ഓഫ് കമ്പനീസാണ് പാർക്കിന്‍റെ പിന്നിൽ പ്രവർത്തിച്ചത്. ഒമാനിൽ തന്നെ നിരവധി പാർക്കുകളും ഗാർഡനുകളും ഇവർ നിർമിച്ചിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെ ടൂറിസം മേഖലയുടെ വികാസം ലക്ഷ്യംവെച്ചാണ് പാർക്ക് നിർമിച്ചതെന്ന് കമ്പനി സി.ഇ.ഒ ഡോ. മുസ്അബ് അൽ ഹിനായ് പറഞ്ഞു. വരുമാനവും സ്വദേശികൾക്ക് ജോലി സാധ്യതയും തുറക്കുന്നതാണ് സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.