മസ്കറ്റ് ഗവര്‍ണറേറ്റിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പിൻവലിക്കുന്നു

മസ്ക്കറ്റ്: കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനയി മസ്കറ്റ് ഗവര്‍ണറേറ്റിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പിൻവലിക്കുന്നു. മത്രാ വിലായത്തിലെ സാനിറ്ററി ഐസൊലേഷൻ തുടരുമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു. മെയ് 29 വെള്ളിയാഴ്ച മുതൽ മസ്കറ്റ് ഗവര്‍ണറേറ്റിലെ ലോക്ക്ഡൗൺ പിൻവലിക്കുവാൻ ഒമാൻ സുപ്രിം കമ്മറ്റിയാണ് തീരുമാനിച്ചത്.
ഇതോടെ ഗവര്‍ണറേറ്റിൽ നിലനിൽക്കുന്ന സഞ്ചാര നിയന്ത്രണങ്ങൾ ഇല്ലാതാകും. മെയ് 31 മുതല്‍ എല്ലാ സ്ഥാപനങ്ങളിലും അമ്പത് ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാകണം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരെ വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കുവാൻ വേണ്ടത്ര സുരക്ഷാ നടപടികൾ ആസൂത്രണം ചെയ്യണമെന്നും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ് 19 മൂലം ഇന്ന് ഒരു പ്രവാസികൂടി മരണപെട്ടു. കൊവിഡ് 19 മൂലം 67 വയസുള്ള പ്രവാസിയാണ് മരിച്ചത്. രാജ്യത്തെ ഇതോടെ മരണസംഖ്യ 38 ആയി ഉയര്‍ന്നു. ഇന്ന് 255 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 166 സ്വദേശികളും 89 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 8373 ആയി.
2177 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.