ഒമാനിൽ മലയാളി ഡോക്ടർ ഉൾപ്പെടെ രണ്ടു ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചു

മസ്കറ്റ്: കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന രണ്ട് ഇന്ത്യക്കാർ ഇന്നലെ ഒമാനിൽ മരണപ്പെട്ടു. നാലു പതിറ്റാണ്ടായി മസ്കറ്റിലെ റൂവിയിൽ ഹാനി ക്ലിനിക് നടത്തിയിരുന്ന മലയാളി ഡോക്ടർ രാജേന്ദ്രൻ നായർ((76), മത്രയിൽ വ്യാപാരിയായിരുന്ന 66 വയസുകാരനായ ഗുജറാത്ത് സ്വദേശിയുമാണ് മരിച്ചത്. ഇതോടെ ഒമാനിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം ആറായി. നേരത്തെ രണ്ട് സ്വദേശികളും രണ്ടു ബംഗ്ലാദേശികളും മരണപ്പെട്ടിരുന്നു.
ചങ്ങനാശേരി പെരുന്ന പ്രഫസേർസ് കോളനിയിൽ സരയുവിൽ ഡോ. രാജേന്ദ്രൻ നായരാണ് മരിച്ച മലയാളി. ഭാര്യ വത്സലാ നായർ. ഇദ്ദേഹത്തിന്‍റ രണ്ടു മക്കളും ഡോക്ടർമാരാണ്. രോഗ ബാധയെ തുടർന്ന് റൂവിയിലെ അൽനഹ്ദ ആശുപത്രിയിൽ ഏപ്രിൽ ഒന്നിനു പ്രവേശിക്കപ്പെട്ട ഡോക്ടറെ നാലുദിവസത്തിനുശേഷം റോയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ബാധിതനാകുന്ന ഒമാനിലെ ആദ്യ ഡോക്ടറാണ്. വ്യാഴാഴ്ച 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഒമാനിൽ ഇന്നലെ 50 ആയി താഴ്ന്നു. മാസാവസാനം വൈറസ് വ്യാപനം പാരമ്യതയിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.