തൊഴിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുവാൻ അതിവേഗ കോടതികളുമായി ഒമാൻ

മസ്്ക്കറ്റ് : തൊഴിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുവാൻ ഒമാനിൽ അതിവേഗ കോടതികൾ സ്ഥാപിക്കുന്നു. തൻഫീദ് പദ്ധതി പ്രകാരമാണ് രാജ്യത്ത് അതിവേഗ കോടതികൾ സ്ഥാപിക്കുന്നത്. 2018 ആദ്യ പാദം കോടതികൾ തുറക്കുമെന്ന് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. അതിവേഗ കോടതിയെ സഹായിക്കുന്നതിന് നിയമ വിദഗ്ദ്ധർ അടങ്ങിയ സാങ്കേതിക കമ്മറ്റിക്ക് രൂപം നൽകി കഴിഞ്ഞതായും മാനവവിഭവശേഷി മന്ത്രാലയം വ്യകതമാക്കി.
തൊഴിൽ നിയമവുമായി ബന്ധപെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുവാൻ ലക്ഷ്യമിട്ടു മന്ത്രാലയം നടപ്പിൽ വരുത്തുന്ന പുതിയ നിയമ ഭേദഗതികളുടെ ഭാഗമായിട്ടാണ് ഒമാനിൽ അതിവേഗ കോടതികൾ തുറക്കുന്നത്. നിലവിൽ ഒമാനിൽ തൊഴിൽ തർക്കങ്ങൾ തീർപ്പാക്കുവാൻ മാസങ്ങൾ വേണ്ടി വരുന്നുണ്ട്. പുതിയനിയമ സംവിധാനം നിലവിൽ വരുന്നതോടു കൂടി, ഇപ്പോൾ നേരിടുന്ന കാലതാമസം ഒഴിവാക്കുവാൻ കഴിയും.
നിയമ വിദഗ്ദ്ധർ അടങ്ങിയ സാങ്കേതിക കമ്മറ്റിയുടെ മേൽനോട്ടത്തിൽ ആയിരിക്കും കോടതി സംബന്ധിച്ചുള്ള തുടർ നടപടികൾ സ്വീകരിക്കുക. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും അതിവേഗ കോടതിയുടെ നീക്കങ്ങൾ.
ഒമാന്റെ സാന്പത്തികമേഖല ശക്തിപെടുത്തുവാനുള്ള ദേശീയ പദ്ധതിയായ തൻഫീദിന്റെ ഭാഗമായാണ് അതിവേഗ കോടതികൾ രാജ്യത്തു തുറക്കുന്നത്. 2020ഓടു കൂടി ഒമാന്റെ ആഭ്യന്തര ഉൽപ്പാദനം 660 കോടി ഒമാനി റിയാൽ ആയി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് തൻഫീദ് പദ്ധതി രാജ്യത്തു ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യകതമാക്കി.